‘ഫലം വരുന്നതോടെ ഒരുപറ്റം നേതാക്കള്‍ക്ക് ഇടതുമുന്നണിയില്‍ നിന്ന് പുറത്തുപോകേണ്ടി വരും’: എംകെ മുനീര്‍
ലോക്സഭ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരുന്നതോടെ അഹമ്മദ് ദേവർകോവില്‍ അടക്കമുള്ള ഒരുപറ്റം നേതാക്കള്‍ക്ക് ഇടതുമുന്നണിയില്‍ നിന്ന് പുറത്തു പോകേണ്ടി വരുമെന്ന് മുസ്ലിം ലീഗ് നേതാവ് എംകെ മുനീർ.
പിടിഎ റഹീമിനും മുന്നണി വിടേണ്ടി വരുമെന്നും മുനീർ പറഞ്ഞു. അതേസമയം ദേവർകോവിലിന് യുഡിഎഫുമായി നേരത്തെ തന്നെ നല്ല ബന്ധമാണുള്ളതെന്നും സമസ്ത വിഷയത്തില്‍ ലീഗിനെ സംരക്ഷിക്കുന്ന നിലപാടാണ് ദേവർകോവില്‍ സ്വീകരിച്ചതെന്നും ഐഎൻഎല്‍ വഹാബ് വിഭാഗം ആരോപിച്ചു.
ഐഎൻഎല്‍ സംസ്ഥാന അധ്യക്ഷനും മുൻ മന്ത്രിയുമായ അഹമ്മദ് ദേവർകോവില്‍ സമസ്ത – മുസ്ലിം ലീഗ് തർക്കത്തില്‍ നടത്തിയ പ്രതികരണവും പിന്നാലെ ദേവർകോവിലിനെ സ്വാഗതം ചെയ്ത് കെഎം ഷാജി അടക്കമുള്ള നേതാക്കള്‍ രംഗത്തെത്തുകയും ചെയ്തതിന് പിന്നാലെയാണ് ഈ വിഷയത്തില്‍ ചർച്ചകള്‍ ചൂടുപിടിച്ചത്.
സമസ്ത ലീഗ് ബന്ധം നിലനിർത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് ദേവർകോവില്‍ പറഞ്ഞ വാക്കുകള്‍ ചില രാഷ്ട്രീയ മാറ്റത്തിന്റെ സൂചന എന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തല്‍. ഇടതുമുന്നണിയില്‍ ആയിരിക്കുമ്ബോഴും ലീഗ് നേതാക്കളുമായി നല്ല ബന്ധം പുലർത്തുന്ന ദേവർകോവിലിന് അധികനാള്‍ എല്‍ഡിഎഫിന്റെ ഭാഗമായി തുടരാൻ ആകില്ലെന്നാണ് എം കെ മുനീറിന്റെ അഭിപ്രായം. ലീഗ് നേതാക്കളുമായി ചർച്ചകള്‍ നടത്തിയെന്ന വാർത്തകള്‍ നിഷേധിച്ച് ദേവർകോവില്‍ രംഗത്തെത്തിയിരുന്നു. എന്നാല്‍ പുറത്തുവന്ന വിവരങ്ങള്‍ തങ്ങള്‍ക്ക് നേരത്തെ അറിവുള്ള കാര്യമാണെന്നായിരുന്നു ഐ എൻ എല്‍ വഹാബ് പക്ഷത്തിന്റെ നിലപാട്.
കാല് നൂറ്റാണ്ട് കാലം മുന്നണിക്ക് പുറത്ത് നിന്ന ശേഷമായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഐഎൻഎല്ലിനെ ഇടതുമുന്നണിയിലെടുത്തത്.