ചരിത്രവിജയം നേടിയിട്ടും സഹമന്ത്രിസ്ഥാനം മാത്രം; സുരേഷ് ഗോപിയ്ക്ക് അതൃപ്തിയെന്ന് സൂചന
തൃശൂരില്‍ ചരിത്രവിജയം നേടിയിട്ടും സഹമന്ത്രി സ്ഥാനം മാത്രം നല്‍കിയതില്‍ സുരേഷ് ഗോപിയ്ക്ക് അതൃപ്തിയെന്ന് സൂചന.
പദവി ഉപേക്ഷിക്കാൻ താരം ആഗ്രഹിക്കുന്നതായി അടുത്ത വൃത്തങ്ങളാണ് സൂചന നല്‍കിയത്. പദ്മനാഭസ്വാമി ക്ഷേത്രത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ടതടക്കം നാലോളം സിനിമകള്‍ക്ക് ഡേറ്റ് നല്‍കിയതിനാലാണ് ഇത്തരത്തിലൊരു നീക്കമെന്നാണ് വിവരം. എന്നാല്‍ മന്ത്രിസ്ഥാനം സിനിമാ അഭിനയത്തിനായി ഉപേക്ഷിക്കുന്നത് മണ്ടത്തരമാണെന്ന് അദ്ദേഹത്തോട് അടുത്ത ചില വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോർട്ടുണ്ട്.
‘താമസിയാതെ തന്നെ കേന്ദ്രമന്ത്രി സ്ഥാനത്ത്നിന്നും ഒഴിവാക്കുമെന്ന് പ്രതീക്ഷിക്കുന്നു. സിനിമ ചെയ്തേ മതിയാകൂ. കേന്ദ്ര നേതൃത്വം തീരുമാനിക്കട്ടെ. എം.പിയെന്ന നിലയില്‍ മികച്ച പ്രകടനം തൃശൂരില്‍ കാഴ്ചവയ്ക്കും. കേന്ദ്രമന്ത്രി സ്ഥാനം വേണ്ടെന്നായിരുന്നു നിലപാട്.’ ഒരു മാദ്ധ്യമത്തോട് സുരേഷ് ഗോപി നേരത്തെ വ്യക്തമാക്കി. അതേസമയം പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഇന്നറിയും. സുരേഷ് ഗോപിയ്ക്ക് സാംസ്കാരിക വകുപ്പ് നല്‍കിയേക്കുമെന്ന സൂചനയാണ് ആദ്യഘട്ടത്തില്‍ പുറത്തുവന്നത്.