‘വിമാനത്തില്‍ വൃത്തിയില്ല’; ഇൻഡിഗോ ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് നിര്‍ദേശം
വിമാനത്തില്‍ വൃത്തിയില്ലെന്ന് കാണിച്ച് ഹൈദരാബാദ് സ്വദേശികളായ ദമ്ബതികള്‍ നല്കിയ പരാതിയില്‍, ഉപയോക്താവിന് 10,000 രൂപ നഷ്ടപരിഹാരം നല്കാൻ ഇൻഡിഗോ എയർലൈൻസിന് നിർദേശം.
2021ല്‍ നല്കിയ പരാതിയില്‍, ഹൈദരാബാദിലെ ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് തീർപ്പ് കല്‍പ്പിച്ചത്. ഹൈദരാബാദില്‍നിന്ന് ബംഗളൂരുവിലേക്കുള്ള ഫ്ളൈറ്റിലാണ് അസുഖകരമായ അനുഭവമുണ്ടായതെന്ന് യാത്രികനായ ഡി. രാധാകൃഷ്ണൻ പരാതിയില്‍ പറയുന്നു.
യാത്ര ചെയ്ത കോച്ചില്‍ പ്ലാസ്റ്റിക് ബോട്ടിലുകളും നാപ്കിനുകളും ഉപയോഗശൂന്യമായ മറ്റു വസ്തുക്കളും നിറഞ്ഞിരുന്നു. യാത്രക്കിടെ ഭാര്യക്ക് മനംപിരട്ടല്‍ ഉണ്ടാവുകയും ഛർദിക്കുകയും ചെയ്തതായും പരാതിക്കാരൻ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഭാര്യക്ക് വിമാനത്തിലെ സാഹചര്യവുമായി പൊരുത്തപ്പെടാനാവാത്ത രീതിയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായതായി പരാതിക്കാരൻ അറിയിച്ചിരുന്നില്ലെന്ന് ഇൻഡിഗോ പറഞ്ഞു.
ഇരുവിഭാഗത്തിന്റെയും വാദം കേട്ട കമീഷൻ, യാത്രക്കു മുമ്ബ് കോച്ചുകളില്‍ വൃത്തിയുണ്ടെന്ന് ഇൻഡിഗോ ഉറപ്പാക്കണമെന്ന് വ്യക്തമാക്കി. നഷ്ടപരിഹാരം ജൂലൈ ഒന്നു മുതല്‍ 45 ദിവസത്തിനകം നല്‍കണമെന്നും കമീഷൻ നിർദേശിച്ചു. നേരത്തെ, മറ്റൊരു സംഭവത്തില്‍ ഫ്ളൈറ്റ് റദ്ദാക്കിയ വിവരം അറിയിക്കാത്തതിനെ തുടർന്ന് ഉപയോക്താവിന് 30,000 രൂപ നഷ്ടപരിഹാരം നല്‍കാനും ഇൻഡിഗോയോട് ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ നിർദേശിച്ചിരുന്നു.