കൻവാർ യാത്രികരുടെ വാഹനം വൈദ്യുത തൂണില്‍ ഇടിച്ച് അപകടം; 9 പേര് മരിച്ചു
ബിഹാറില്‍ കൻവാർ തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുതി തൂണിലിടിച്ചുണ്ടായ അപകടത്തില്‍ ഒമ്ബത് തീർഥാടകർ വൈദ്യുതാഘാതമേറ്റ് മരിച്ചു.
ഞായറാഴ്ച രാത്രി വൈശാലി ജില്ലയിലെ ഹാജിപുർ മേഖലയിലാണ് അപകടം നടന്നത്. അപകടത്തില്‍ ആറു പേർക്ക് പരിക്കേറ്റു. ഇവരെ ഹാജിപുരിലെ സദാർ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്.
വാഹനം ഹൈ ടെൻഷൻ ലൈനില്‍ തട്ടിയതിനെ തുടർന്നാണ് വൈദ്യുതാഘാതമേറ്റത്. ജെതുയി നിസാമത്ത് ഗ്രാമത്തില്‍നിന്നുള്ള ഭക്തർ സഞ്ചരിച്ച വാഹനമാണ് അപകടത്തില്‍പ്പെട്ടത്. സോൻപുർ പഹ്ലേജ ഘട്ടില്‍നിന്ന് മടങ്ങുന്നവഴി തീർഥാടകർ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിക്കുകയായിരുന്നു.
വാഹനത്തിന് ഉയരം കൂടുതലായിരുന്നതിനാല്‍ ഹൈ ടെൻഷൻ വയറില്‍ തട്ടുകയും വൈദ്യുതാഘാതമേല്‍ക്കുകയുമായിരുന്നുവെന്ന് ഹാജിപുർ സബ് ഡിവിഷണല്‍ പോലീസ് ഓഫീസർ ഓം പ്രകാശ് പറഞ്ഞു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും അദ്ദേഹം വ്യക്തമാക്കി.