അജിത്കുമാറിന് വിജിലൻസിന്റെ ക്ലീൻ ചിറ്റോ?
തിരുവനന്തപുരം: എഡിജിപി എം ആർ അജിത്കുമാറിന് ക്ലീൻ ചിറ്റ് നൽകാനൊരുങ്ങി വിജിലൻസ്. അജിത്കുമാറിനെതിരെ തെളിവില്ലന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. ആഡംബര വീട് നിര്‍മാണം, കുറവൻകോണത്തെ ഫ്ലാറ്റ് വിൽപ്പന, മലപ്പുറം എസ്പിയുടെ ക്യാംപ് ഓഫീസിലെ മരംമുറി എന്നീ ആരോപണങ്ങളിൽപെട്ട് നട്ടം തിരിയുന്ന എം ആർ അജിത് കുമാറിന് അനുകൂലമായ റിപ്പോർട്ട് സമർപ്പിക്കാൻ ഒരുങ്ങുകയാണ് വിജിലൻസ് . റിപ്പോർട്ട് രണ്ടാഴ്ചക്കകം സമർപ്പിക്കും.
അജിത്കുമാറിനെതിരെ ഗുരുതര ആരോപണങ്ങളുമായി പി വി അൻവർ എംഎൽഎ രംഗത്തുവന്നിരുന്നു. എന്നാൽ സ്വർണ്ണക്കടത്ത് ബന്ധത്തിൽ യാതൊരു തെളിവും പിവി അൻവറിനു ഹാജരാക്കാനായില്ല . കവടിയാറിലെ വീട് നിർമാണത്തിലും പ്രശ്നങ്ങളില്ല.വീട് നിർമാണത്തിനായി എസ്ബിഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. ലോൺ രേഖകളടക്കം എഡിജിപി ഹാജരാക്കിയതായാണ് വിജിലൻസ് കണ്ടെത്തൽ. വീട് നിർമാണവുമായ ബന്ധപ്പെട്ട രേഖകൾ യഥാസമയം സർക്കാരിനെ അറിയിച്ചിട്ടുണ്ട്. സ്വത്ത് വിവര പട്ടികയിൽ എല്ലാ വിവരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.