ഭര്‍ത്താവും വനിതാ എസ്ഐയും തമ്മിലുള്ള സൗഹൃദം എതിർത്തു; സുഹൃത്തായ വനിതാ എസ്ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന് പരാതി
കൊല്ലം: പരവൂരില്‍ വനിതാ എസ്ഐ വീട്ടില്‍ കയറി മര്‍ദിച്ചുവെന്ന് പരാതി. വര്‍ക്കല എസ്ഐയുടെ ഭാര്യയാണ് പരാതി നൽകിയിരിക്കുന്നത്. പരവൂര്‍ പൂതക്കുളം സ്വദേശിനിയായ 27 കാരിയാണ് പരാതിയുമായി രംഗത്തെത്തിയത്. ഭര്‍ത്താവും വനിതാ എസ്ഐയും തമ്മിലുള്ള അതിരുകടന്ന സൗഹൃദം വിലക്കിയതിന് ഭര്‍ത്താവിന്റെ സാന്നിധ്യത്തില്‍ വനിതാ എസ്ഐ മര്‍ദിച്ചുവെന്നാണ് യുവതിയുടെ ആരോപണം. പരാതിയില്‍ യുവതിയുടെ ഭര്‍ത്താവും വര്‍ക്കല എസ്ഐയുമായ അഭിഷേക്, കൊല്ലം സ്പെഷ്യല്‍ ബ്രാഞ്ച് എസ്ഐ ആശ എന്നിവര്‍ ഉള്‍പ്പെടെ നാല് പേര്‍ക്കെതിരെ കേസെടുത്തു.
വനിതാ എസ്ഐക്കെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ പരാതിയിലുള്ളത്. വീട്ടില്‍ എത്തിയ വനിതാ എസ്ഐ കുത്തില്‍ കുത്തിപ്പിടിച്ച് ഭിത്തിയില്‍ ചേര്‍ത്തുപിടിച്ച് കവിളില്‍ അടിച്ചു. സംഭവം ആരോടെങ്കിലും പറഞ്ഞാല്‍ കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തി. കൊന്ന് കെട്ടിത്തൂക്കിയ ശേഷം ആത്മഹത്യയാക്കും. കുഞ്ഞിനെ ശരിയാക്കിക്കളയുമെന്നും വനിതാ എസ്ഐ ഭീഷണിപ്പെടുത്തിയതായി യുവതിയുടെ പരാതിയില്‍ പറയുന്നു.