ഉത്തർ പ്രദേശിൽ നഴ്സിനെ കൂട്ടബലാൽസംഗം ചെയ്തശേഷം കൊന്നു കെട്ടിത്തൂക്കി
ഉത്തർ പ്രദേശിലെ നഴ്സായ യുവതിയുടെ മൃതദേഹം ആശുപത്രിയുടെ ഭിത്തിയുടെ മുകളിൽ നിന്ന് കെട്ടിത്തൂക്കിയ നിലയിൽ കണ്ടെത്തി. ഉന്നാവോയ്ക്കടുത്തുള്ള ബംഗർമാവുവിലുള്ള ന്യൂ നവജീവൻ നഴ്സിങ് ഹോമിലാണ് സംഭവം. പതിനെട്ടുവയസുള്ള യുവതി ആശുപത്രിയിൽ ജോലിക്ക് കയറിയതിൻ്റെ അടുത്ത ദിവസമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
അതേസമയം യുവതിയെ കൂട്ടബലാൽസംഗം ചെയ്തശേഷം കൊന്ന് കെട്ടിത്തൂക്കിയതാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ബന്ധുക്കളുടെ പരാതിയിൽ എഫ് ഐ ആർ രജിസ്റ്റർ ചെയ്തതായി ബംഗർമാവു പൊലീസ് സ്റ്റേഷനിലെ സ്റ്റേഷൻ ഹൗസ് ഓഫീസർ മാധ്യമങ്ങളോട് പറഞ്ഞു.
ഇക്കഴിഞ്ഞ ഏപ്രിൽ 25-ന് പുതിയതായി ആരംഭിച്ച നഴ്സിങ് ഹോമിൽ ഏപ്രിൽ 29-നാണ് യുവതി ജോലിക്ക് കയറിയത്. അടുത്തുള്ള ഗ്രാമത്തിൽ നിന്നും വരുന്ന യുവതി ആശുപത്രിക്കടുത്തുള്ള ഒരു റൂമിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു.
സംഭവം നടന്നതിൻ്റെ തലേദിവസം ആശുപത്രിയുടെ ഉടമ യുവതിയെ ഫോണിൽ വിളിച്ച് നൈറ്റ് ഡ്യൂട്ടിക്കായി ഹാജരാകണമെന്ന് നിർദ്ദേശിച്ചതായി ബന്ധുക്കൾ ആരോപിച്ചു. ആശുപത്രിയുടെ ടെറസിലെ തൂണിൽ നിന്നും നീണ്ടുനിൽക്കുന്ന ഇരുമ്പ് കമ്പിയിൽ കെട്ടിയ കയറിൽ നിന്നും ഭിത്തിയോട് ചേർന്ന് കെട്ടിത്തൂക്കിയ നിലയിലായിരുന്നു മൃതദേഹം.
ബന്ധുക്കളുടെ പരാതിയിൽ വിശദമായ അന്വേഷണം നടത്തുമെന്ന് പൊലീസ് അഡീഷണൽ സൂപ്രണ്ട് ശശി ശേഖർ അറിയിച്ചു.
Content Highlight: Nurse’s Body Found Hanging in Hospital in UP’s Unnao-Family Alleges Rape