കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്കരിക്കണമെന്ന് രാജശ്രീ വാര്യര്‍
കൊച്ചി: കഴിവുകള്‍ കാലത്തിന് അനുസരിച്ച് പരിഷ്കരിക്കണമെന്ന് നര്‍ത്തകിയും സംഗീതജ്ഞയുമായ രാജശ്രീ വാര്യര്‍. എങ്കില്‍ മാത്രമേ ഏത് രംഗത്തും പിടിച്ച് നില്ക്കാന് സാധിക്കൂവെന്നും അവര്‍ പറഞ്ഞു. സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘സംസ്കാരവും വൈവിധ്യവും മനസ്സിലാക്കുക’ എന്ന വിഷയത്തില്‍ നടന്ന ചര്‍ച്ചയില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ഡിജിറ്റല്‍ ഇടത്തു നിന്നും മാറി നിന്ന് അല്പനേരം ചിന്തിക്കാനും ഭാവന ചെയ്യാനും സമയം കണ്ടെത്തണമെന്നും രാജശ്രീ പറഞ്ഞു. നാം എപ്പോഴും നമ്മോടു തന്നെയാണ് മത്സരിക്കേണ്ടത്.’ ചര്‍ച്ചയില്‍ പങ്കെടുത്ത സെലിബ്രിറ്റി ഇന്റര്വ്യൂവര് രേഖ മേനോന് പറഞ്ഞു.
ഡിജിറ്റല്‍ മീഡിയയുടെ ആവിര്‍ഭാവത്തിനു മുന്‍പും പിന്പുമായി വ്യാപിച്ചു കിടക്കുന്ന തങ്ങളുടെ കരിയറിനെക്കുറിച്ച് ഇരുവരും സംസാരിച്ചു.
രേഖ മേനോന് ടെലിവിഷന്‍ അഭിമുഖങ്ങളില്‍ പ്രാദേശിക ഭാഷ കൊണ്ടുവന്നത് എങ്ങനെയെന്ന് രാജശ്രീ വാര്യര്‍ ചൂണ്ടിക്കാണിച്ചു. അന്ന് ഉപയോഗത്തിലിരുന്ന മധ്യ തിരുവിതാംകൂര്‍ ഭാഷയില്‍ നിന്നു മാറി പ്രാദേശിക ഭാഷയില്‍ പരിപാടി അവതരിപ്പിക്കാന്‍ തുടങ്ങിയത് രേഖയാണെന്നും രാജശ്രീ പറഞ്ഞു. അതേസമയം ഭരതനാട്യ രംഗത്ത് രാജശ്രീ വാര്യര്‍ നല്കിയ സംഭാവനകള്‍ രേഖ എടുത്തുപറഞ്ഞു. പണ്ടുകാലത്ത് ഭരതനാട്യത്തിന്റെ ചിത്രം പകര്‍ത്തുമ്പോള്‍ നൃത്ത വടിവിനു മാത്രമാണ് പ്രാധാന്യം നല്‍കിയിരുന്നത്. എന്നാല്‍ രാജശ്രീ നൃത്തം അവതരിപ്പിക്കുമ്പോള്‍ ഭാവമാണ് ശ്രദ്ധിക്കപ്പെടുന്നതെന്ന് രേഖ പറഞ്ഞു.