കൊച്ചി ബിനാലെ: ബോസ് കൃഷ്ണമാചാരി രാജിവെച്ചത് ലൈംഗികാരോപണത്തെ തുടര്‍ന്ന്?
കൊച്ചി – മുസിരിസ് ബിനാലെ പ്രസിഡന്റ് സ്ഥാനത്ത് നിന്നും ബോസ് കൃഷ്ണമാചാരി രാജിവച്ചത് ലൈംഗിക പീഡന പരാതിയ്ക്ക് പിന്നാലെ. കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ വേണു വാസുദേവന്‍ ആണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ‘ഫൗണ്ടേഷന്റെ ഇന്റേണല്‍ കംപ്ലയിന്റ്സ് കമ്മിറ്റിക്ക് മുന്നില്‍ കൃഷ്ണമാചാരിക്കെതിരെ ലൈംഗിക പീഡന പരാതി ലഭിച്ചിട്ടുണ്ടെന്നാണ് വേണു വാസുദേവന്റെ പ്രതികരണം.
ഡിസംബര്‍ അവസാനവാരം നടന്ന സംഭവത്തില്‍ ജനുവരി ആദ്യവാരത്തിലാണ് പരാതി ലഭിച്ചത്. ഐസിസിക്ക് മുന്നിലുള്ള പരാതിയില്‍ കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്താന്‍ സാധിക്കില്ലെന്നും കൊച്ചി ബിനാലെ ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ പറഞ്ഞു. എന്നാല്‍ വേണു വാസുദേവന്റെ വെളിപ്പെടുത്തല്‍ കൃഷ്ണമാചാരി തള്ളി.
തനിക്കെതിരെ ഒരിടത്തും പരാതിയില്ലെന്നാണ് കൃഷ്ണമാചാരിയുടെ പ്രതികരണം. കൊച്ചി ബിനാലെ ഫൗണ്ടേഷനില്‍ നിന്നുള്ള രാജിയുമായി ബന്ധപ്പെട്ട് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി, ചില മാധ്യമ റിപ്പോര്‍ട്ടുകള്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. ആരോപണങ്ങള്‍ തെറ്റിദ്ധരിപ്പിക്കുന്നതാണ്. തനിക്ക് എതിരെ ഒരിടത്തും പരാതികളില്ല, ഒരു തരത്തിലുള്ള നിയമ നടപടികളും പുരോഗമിക്കുന്നില്ലെന്നും കൃഷ്ണമാചാരി പ്രസ്താവനയില്‍ അറിയിച്ചു.








