സമസ്ത വേദിയില്‍ വിദ്യാർത്ഥിനിയെ അപമാനിച്ച സംഭവത്തിൽ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്
പൊതു വേദിയില്‍ പെണ്‍കുട്ടിയെ അപമാനിച്ച കേസില്‍ സ്വമേധയാ കേസെടുത്ത് ബാലാവകാശ കമ്മീഷന്. വിഷയത്തില്‍ സമസ്ത സെക്രട്ടറിയോടും പൊലീസിനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസറോടും റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പരിപാടിയുടെ സംഘാടകൻ എന്ന നിലയിൽ സമസ്തയുടെ സെക്രട്ടറിയോട് രണ്ടാഴ്ചയ്ക്കുള്ളിൽ വിശദീകരണം നൽകാനാണ് കമ്മിഷൻ ആവശ്യപ്പെട്ടത്. സംഭവം നടന്ന സ്ഥലമായ പെരിന്തൽമണ്ണയിലെ പൊലീസിനോടും ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറോടും അടിയന്തരമായി റിപ്പോർട്ട് നൽകാനും നിർദേശിച്ചിട്ടുണ്ട്.
പെരിന്തല്‍മണ്ണയില്‍ മദ്രസാ വാര്‍ഷിക പരിപാടിയുടെ ഭാഗമായി നടന്ന ചടങ്ങിലാണ് സമസ്ത സംഘടനാ നേതാവ് പെണ്‍കുട്ടിയെ അപമാനിച്ചത്. വിഷയത്തില്‍ രൂക്ഷ വിമര്‍ശനവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് രംഗത്ത് എത്തിയിരുന്നു. സര്‍ക്കാരിന്റെ ഭാഗത്തു നിന്നും യാതൊരു വിധ നടപടികളും ഇല്ലാത്തതില്‍ ഗവർണർ കനത്ത പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇതേ തുടര്‍ന്നാണ് സംഭവത്തിൽ ബാലാവകാശ കമ്മീഷന് സ്വമേധയ കേസെടുത്ത് വിശദീകരണം ആവശ്യപ്പെട്ടത്.