സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം: 500 മെഗാവാട്ട് ദീർഘകാല കരാറുമായി കെ.എസ്.ഇ.ബി
സംസ്ഥാനത്തെ ഭാവിയിലെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി, 25 വർഷത്തേക്ക് 500 മെഗാവാട്ട് വൈദ്യുതി വാങ്ങുന്നതിനായി കെ.എസ്.ഇ.ബി ടെൻഡർ ക്ഷണിച്ചു. അടുത്ത വർഷം ജൂണിൽ വൈദ്യുതി ലഭ്യമാകും വിധമാണ് പുതിയ ദീർഘകാല കരാർ നടപ്പിലാക്കുന്നത്. രാജ്യത്തെ നിലവിലുള്ളതോ നിർമ്മാണത്തിലിരിക്കുന്നതോ ആയ കൽക്കരി നിലയങ്ങളിൽ നിന്നാവും വൈദ്യുതി ലഭ്യമാക്കുക. താരതമ്യേന കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കരാറിന്റെ കാലാവധി: 25 വർഷം, വൈദ്യുതിയുടെ അളവ്: 500 മെഗാവാട്ട്, ലഭ്യമാകുന്ന സമയം: അടുത്ത വർഷം ജൂൺ മുതൽ. ശക്തി ബി-4 പദ്ധതിയുടെ ഭാഗമായുള്ള കോൾ ലിങ്കേജ് ഉപയോഗിച്ച്, കൽക്കരി അധിഷ്ഠിത വൈദ്യുതിയുടെ ആവശ്യകത സെൻട്രൽ ഇലക്ട്രിസിറ്റി അതോറിറ്റിയുടെ റിസോഴ്സ് അഡെക്വസി പ്ലാൻ പ്രകാരം, 2031-32 ഓടെ കേരളത്തിന് 1473 മെഗാവാട്ട് കൽക്കരി അധിഷ്ഠിത വൈദ്യുതി അധികമായി ആവശ്യമായി വരും. എന്നാൽ നിലവിലെ ലഭ്യത ഏകദേശം 400 മെഗാവാട്ട് മാത്രമായതിനാൽ, കേരളം 1073 മെഗാവാട്ട് അധിക താപവൈദ്യുത ശേഷി നേടേണ്ടതുണ്ട്. ഇതിന്റെ ആദ്യ ഘട്ടമായാണ് ഇപ്പോൾ 500 മെഗാവാട്ടിനുള്ള ടെൻഡർ ക്ഷണിച്ചിരിക്കുന്നത്.
ശക്തി ബി-4 പദ്ധതിയുടെ ഭാഗമായി കേരളത്തിന് കോൾ ലിങ്കേജ് അനുവദിക്കാമെന്ന് സെൻട്രൽ ഇലക്ട്രിസിറ്റി ഏജൻസിയും നീതി ആയോഗും ശുപാർശ ചെയ്തിരുന്നു. ഈ സാഹചര്യങ്ങൾ പരിഗണിച്ചാണ് കേന്ദ്ര കൽക്കരി മന്ത്രാലയം കേരളത്തിന് ദീർഘകാലാടിസ്ഥാനത്തിൽ കോൾ ലിങ്കേജ് അനുവദിച്ചത്.













