ഇന്ന് മുതൽ നടത്താനിരുന്ന ബാങ്ക് ജീവനക്കാരുടെ പണിമുടക്ക് പിൻവലിച്ചു; ഇന്ന് ബാങ്കുകൾ പ്രവർത്തിക്കും
ബാങ്ക് ജീവനക്കാരുടെ മൂന്ന് ദിവസത്തെ രാജ്യവ്യാപക സമരം മാറ്റിവച്ചു. ഇന്ന് മുതൽ 30 വരെ നടത്താനിരുന്ന സമരമാണ് യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസ് താൽക്കാലികമായി പിൻവലിച്ചത്. ഞായറാഴ്ച രാത്രി ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനുമായി നടത്തിയ ചർച്ചയിലാണ് തീരുമാനം.
ആഴ്ചയിൽ അഞ്ച് ദിവസം ബാങ്കുകൾ പ്രവർത്തിക്കുന്ന തരത്തിൽ ശനിയാഴ്ചകളിലെ അവധി സംബന്ധിച്ച് പഠിക്കാൻ ഐബിഎയുടെയും യുഎഫ്ബിയുടെയും നേതൃത്വത്തിൽ ഉന്നതതല സമിതി രൂപീകരിക്കും. വിഷയത്തിൽ വിശദമായ ചർച്ച നടത്തി പരിഹാരം കണ്ടെത്താനാണ് തീരുമാനം. ഉപഭോക്താക്കൾക്ക് സേവന തടസ്സമുണ്ടാകാത്ത രീതിയിൽ തുടർനടപടികൾ സ്വീകരിക്കുമെന്നും ഐബിഎ അറിയിച്ചു.
സമരം മാറ്റിവച്ചതോടെ ഇന്ന് രാജ്യത്തെ ബാങ്കുകളുടെ പ്രവർത്തനം സാധാരണ നിലയിൽ തുടരും. സമരം മുന്നിൽക്കണ്ട് ഇന്നലെ ഞായറാഴ്ചയും നിരവധി ബാങ്കുകൾ പ്രവർത്തിച്ചിരുന്നു.













