എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ വ്യോമസേനാ മേധാവി
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവിയായി എയർ മാർഷൽ അശുതോഷ് ദീക്ഷിത് നിയമിതനായി. നിലവിലെ വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ അമർപ്രീത് സിംഗ് ഒക്ടോബർ 31ന് വിരമിക്കും. തദ്ദേശീയമായ എൽസിഎ തേജസ് വിമാനത്തിനും മറ്റ് തദ്ദേശീയ വ്യോമ പദ്ധതികൾക്കും ശക്തമായ പിന്തുണ നൽകിയതിലൂടെയാണ് എയർ മാർഷൽ ദീക്ഷിത് പ്രശസ്തനായത്. പ്രതിരോധ രംഗത്തെ ‘ആത്മനിർഭർ ഭാരത്’ പദ്ധതിക്ക് അദ്ദേഹം കൂടുതൽ പ്രചാരമേകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
1986 ഡിസംബർ 6-നാണ് ദീക്ഷിത് ഇന്ത്യൻ വ്യോമസേനയുടെ ഫൈറ്റർ വിഭാഗത്തിലേക്ക് കമ്മീഷൻ ചെയ്യപ്പെടുന്നത്. നാഷണൽ ഡിഫൻസ് അക്കാദമി, ബംഗ്ലാദേശിലെ ഡിഫൻസ് സ്റ്റാഫ് സർവീസ് കോളേജ്, നാഷണൽ ഡിഫൻസ് കോളേജ് എന്നിവിടങ്ങളിൽ നിന്നുള്ള പൂർവ വിദ്യാർത്ഥിയാണ് അദ്ദേഹം. മിറാഷ്-2000, വിവിധതരം മിഗ് , കിരൺ, ജാഗ്വാർ, ഐഎൽ-78, ഹോക്ക്, തേജസ് തുടങ്ങി വിവിധ വിമാനങ്ങളിലായി 3,500 മണിക്കൂറിലധികം പറക്കൽ പരിചയമുണ്ട് അദ്ദേഹത്തിന്. ഒരു എക്സ്പിരിമെന്റൽ ടെസ്റ്റ് പൈലറ്റും ക്വാളിഫൈഡ് ഫ്ലയിംഗ് ഇൻസ്ട്രക്ടറുമാണ് അദ്ദേഹം. ഏകദേശം നാല് പതിറ്റാണ്ട് നീണ്ട സേവന കാലയളവിൽ ഓപ്പറേഷൻ സഫേദ് സാഗർ, ഓപ്പറേഷൻ രക്ഷക്, ഓപ്പറേഷൻ സിന്ദൂർ തുടങ്ങിയ നിരവധി സൈനിക നീക്കങ്ങളിലും അഭ്യാസങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തിട്ടുണ്ട്.













