കാണാതായ അദ്ധ്യാപിക അനുമോൾ ഭർത്താവിനും കുട്ടികൾക്കുമൊപ്പം മടങ്ങി
കോഴിക്കോട് തൊട്ടിൽപാലത്തുനിന്ന് കാണാതായ സർക്കാർ എൽപി സ്കൂൾ അധ്യാപിക കെ. അനുമോളെ കല്ലാച്ചി മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി. തനിക്ക് കുടുംബത്തോടൊപ്പം പോകാനാണ് താൽപര്യമെന്ന് കോടതിയെ അറിയിച്ചതോടെ മാതാപിതാക്കൾക്കും ഭർത്താവിനും മക്കൾക്കുമൊപ്പം പോകാൻ അനുമതി നൽകി. കാണാതായി 12-ാം ദിവസമാണ് പാലക്കാട് കസബ പൊലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അനുമോളെയും ഒപ്പമുണ്ടായിരുന്ന അബ്ദുൾ സമദിനെയും പൊലീസ് കണ്ടെത്തിയത്.
ഇരുവരെയും വെവ്വേറെ കോടതികളിലാണ് ഹാജരാക്കിയത്. അനുമോളെയും സമദിനെയും കാണാതായെന്ന വിവരം പുറത്തുവന്നതിനു പിന്നാലെ സമദിന്റെ കുടുംബം വടകര പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സമദിനെ കാണാനില്ലെന്ന പരാതിയിൽ പൊലീസ് കേസെടുക്കുകയും ചെയ്തു.
ഈ കേസുമായി ബന്ധപ്പെട്ടാണ് സമദിനെ വടകര കോടതിയിലും അനുമോളെ കല്ലാച്ചി കോടതിയിലും ഒരേസമയം ഹാജരാക്കിയത്. ഇരുവരും ഒരേ കോടതിയിൽ ഹാജരായി ഒന്നിച്ച് പോകാൻ തീരുമാനമെടുക്കുന്ന സാഹചര്യം ഒഴിവാക്കാനായിരുന്നു നടപടി.
കുട്ടികളെ ഉപേക്ഷിച്ചതിന് കേസെടുത്താൽ അനുമോളെയും സമദിനെയും ജയിലിലടയ്ക്കേണ്ട സാഹചര്യമുണ്ടാകുമെന്നും ഇതോടെ സർക്കാർ ജോലിയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെടുന്നതിനുപുറമെ കൂടുതൽ അച്ചടക്ക നടപടികൾ നേരിടേണ്ടിവരുമെന്നും വിലയിരുത്തലുണ്ടായി. എല്ലാം മറന്ന് ഇരുവരെയും സ്വീകരിക്കാൻ കുടുംബം തയ്യാറായതോടെയാണ് കടുത്ത വകുപ്പുകൾ ചുമത്താനുള്ള നീക്കത്തിൽനിന്ന് പൊലീസ് പിന്മാറിയത്.













