കോവളത്ത് വിദേശവനിതയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയ സംഭവം: കേസിലെ സാക്ഷിക്കു വധഭീഷണി
കോവളത്ത് വിദേശവനിതയെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ സാക്ഷിക്കു വധഭീഷണി. ലാത്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രധാന സാക്ഷിയായ തിരുവല്ലം വണ്ടിത്തടം ശാന്തിപുരം സ്വദേശി പ്രദീപിനെയാണ് ഭീഷണിപ്പെടുത്തിയത്.
പ്രദീപിന്റെ സുഹൃത്തുക്കളായ സുരേഷിനും പ്രമോദിനുമാണ് ഭീഷണിസന്ദേശം ലഭിച്ചത്. നേരിട്ടും ഫോണ്‍ മുഖേനയുമാണ് ഭീഷണി സന്ദേശം ലഭിച്ചത്. പ്രതികള്‍ക്ക് അനുകൂലമായി മൊഴി നല്‍കണമെന്നും അല്ലാത്ത പക്ഷം വകവരുത്തുമെന്നും ഭീഷണിപ്പെടുത്തിയതായി എഫ് ഐ ആറില്‍ പറയുന്നു.
പ്രദീപിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വണ്ടിത്തടം തിനവിള സ്വദേശി ജയപാലന് എന്നയാള്‍ക്കെതിരെ തിരുവല്ലം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഒരു സമുദായ സംഘടനയുടെ പ്രാദേശിക നേതാവായ ജയപാലന് പ്രതികളുടെ ബന്ധു കൂടിയാണ്. ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ്. ഭീഷണിയുടെ അടിസ്ഥാനത്തില്‍ കേസിലെ സാക്ഷികളുടെ താമസസ്ഥലങ്ങളില്‍ പോലീസ് പ്രത്യേക പട്രോളിങ് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വിനോദസഞ്ചാരത്തിനും ചികിൽസയ്ക്കുമായി എത്തിയ ലാത്വിയൻ യുവതിയെ ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിന്റെ വിചാരണ ജൂണ്‍ ഒന്നിന് ആരംഭിക്കാനിരിക്കെയാണ് പ്രധാന സാക്ഷിക്കുനേരെ ഭീഷണി ഉയരുന്നത്. 2018 മാര്‍ച്ചില്‍ നടന്ന സംഭവം ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു. സംഭവത്തില്‍ ഉദയന്‍, ഉമേഷ് എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
Content Highlights – Kovalam Rape Case, Kerala Police, Witness recieved death threat