കുട്ടികളും മാളികപ്പുറങ്ങളും മണിക്കൂറുകളോളം ക്യൂ നിൽക്കേണ്ട; ദർശനത്തിന് പ്രത്യേക ഗേറ്റ്
ശബരിമലയിൽ കുട്ടികൾ, മാളികപ്പുറങ്ങൾ, വയോജനങ്ങൾ, ഭിന്നശേഷിക്കാർ എന്നിവരുടെ ദർശനം സുഗമമാക്കാൻ പ്രത്യേക ഗേറ്റ്. ശ്രീകോവിലിനു സമീപം ക്രമീകരിച്ച ഗേറ്റിലൂടെ ആദ്യത്തെ വരിയിലെത്തി ഇവർക്കു ദർശനം നടത്താം. കുട്ടികൾക്കൊപ്പം ഒരു രക്ഷിതാവിനെയും ഇതുവഴി കടത്തിവിടും.
പമ്പയിൽനിന്നു മലയിൽ കയറിയ ശേഷം കുട്ടികളുമായി വളരെയേറെ സമയം കാത്തുനിൽക്കുന്നത് ഒഴിവാക്കാൻ വേണ്ടിയാണ് പ്രത്യേക ക്രമീകരണം. നേരത്തേ, വലിയ നടപ്പന്തലിൽനിന്നു പതിനെട്ടാംപടിക്കു സമീപത്തേക്കെത്താൻ കുട്ടികൾക്കും മുതിർന്നവർക്കുമായി പ്രത്യേക വരി ക്രമീകരിച്ചിരുന്നു.
ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് കൂടി വരികയാണ്. പതിനെട്ടാംപടി കയറാനുള്ള നിര വലിയ നടപ്പന്തലും പിന്നിട്ട് ശരംകുത്തിക്കു താഴെ വരെയുണ്ട്. തീർഥാടകർ മണിക്കൂറുകൾ കാത്തു നിന്നാണ് പതിനെട്ടാംപടി കയറുന്നത്. പമ്പ മണപ്പുറത്തും തീർഥാടകരുടെ തിരക്കാണ്.