കളിക്കാരും സ്റ്റേഡിയം സ്റ്റാഫും തമ്മിലടി; മർദ്ദനമേറ്റ് ശ്രീലങ്കയിൽ ക്രിക്കറ്റ് കോച്ചിന് ദാരുണാന്ത്യം
വെറ്ററൻ ശ്രീലങ്കൻ ക്രിക്കറ്റ് കോച്ചും സ്കൂൾ താരങ്ങളുടെ മെന്ററായി അറിയപ്പെടുകയും ചെയ്ത സുമിത് ഫെർണാണ്ടോ കൗമാര താരങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ചു. ഓഗസ്റ്റ് എട്ടിനുണ്ടായ ദാരുണ സംഭവത്തിലാണ് സുമിത് ഫെർണാണ്ടോയ്ക്ക് പരിക്കേറ്റത്. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണ് മരണത്തിനു കീഴടങ്ങിയത്. നിലവിലെ ശ്രീലങ്കൻ ഏകദിന നായകനായ കുശാൽ മെൻഡിസ് ഉൾപ്പെടെയുള്ള താരങ്ങളുടെ സ്കൂൾ കാലത്തെ മെന്ററാണ് സുമിത് ഫെർണാണ്ടോ.
ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്ലറ്റിക്സ് ക്ലബിന്റെ സ്റ്റേഡിയത്തിൽ പരിശീലനത്തിന് വന്ന കൗമാര താരങ്ങൾ കുടിവെള്ളം ആവശ്യപ്പെട്ടപ്പോൾ വെള്ളം കിട്ടിയില്ല. അതിന് പിന്നാലെയാണ് സ്റ്റേഡിയം സ്റ്റാഫുമായി തർക്കം തുടങ്ങിയത്. അത് താരങ്ങളും സ്റ്റേഡിയം സ്റ്റാഫുകളുമായുള്ള കൈയാങ്കളിയിലേക്ക് നീങ്ങി. ബ്ലൂംഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്ലറ്റിക്സ് ക്ലബിന്റെ ഗ്രൗണ്ട് ക്യൂറേറ്ററായി പ്രവർത്തിച്ചിട്ടുള്ള ആൾ കൂടിയാണ് സുമിത്. സംഭവം നടക്കുന്ന സമയത്ത് അദ്ദേഹവും സ്റ്റേഡിയത്തിലുണ്ടായിരുന്നു.
സ്ഥിതിഗതികൾ വഷളായപ്പോൾ സുമിത് വിഷയത്തിൽ ഇടപെട്ടു. അപ്പോളേക്കും കളിക്കാരും സ്റ്റാഫുകളും തമ്മിൽ അടി തുടങ്ങിയിരുന്നു. അവരെ പിടിച്ച് മാറ്റി നിർത്താൻ സുമിത് ശ്രമിച്ചു. അതിനിടെയാണ് ഒരു കൗമാര താരത്തിന്റെ മർദ്ദനം അദ്ദേഹത്തിനേൽക്കുന്നത്. പരിക്കേറ്റ് വീണ അദ്ദേഹത്തെ ഉടൻ തന്നെ കൊളംബോ നാഷണൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെയാണ് കഴിഞ്ഞ ദിവസം മരിച്ചത്.













