തൃക്കാക്കരയില്‍ സ്ഥാനാര്‍ത്ഥി അരുണ്‍കുമാര്‍ തന്നെ; പ്രഖ്യാപനം ഇടതുമുന്നണി യോഗത്തിന് ശേഷം
തൃക്കാക്കര ഉപതെരെഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ സ്ഥാനാര്‍ത്ഥി അരുണ്‍കുമാര്‍ തന്നെയെന്ന് റിപ്പോര്‍ട്ടുകള്‍. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാകും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുക.
അരുണ്‍കുമാര്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെ ഇടതുമുന്നണി കണ്‍വീനര്‍ ഇപി ജയരാജന് അത് നിഷേധിച്ചിരുന്നു. തങ്ങള്‍ പ്രഖ്യാപിക്കാതെ മാധ്യമങ്ങള്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുകയാണെന്ന് ജയരാജന് പറഞ്ഞു. ഇന്ന് നടക്കുന്ന ഇടതുമുന്നണി യോഗത്തിലാണ് ഇടതു സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുകയെന്നായിരുന്നു ജയരാജന് പറഞ്ഞത്.
എന്നാല്‍ സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി എന്ന നിലയില്‍ ഇന്നലെ നടന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ അരുണിന്റെ പേരാണ് ഉറപ്പിച്ചതെന്നാണ് ലഭിക്കുന്ന വിവരം. പക്ഷേ ഔപചാരികമായി ഇടതുമുന്നണി യോഗമാണ് അന്തിമ തീരുമാനമെടുക്കേണ്ടത്. അതിനാലാണ് ഇടതുമുന്നണി കണ്‍വീനര്‍ ഇത്തരമൊരു നിലപാട് സ്വീകരിക്കുന്നത്.
സിപിഎം ജില്ലാ കമ്മിറ്റിയംഗമായ അരുൺ കുമാർ ഡിവൈഎഫ്ഐ മുൻ ജില്ലാ സെക്രട്ടറിയാണ്. ചാനല്‍ചര്‍ച്ചകളിലെ സിപിഐഎമ്മിന്റെ യുവമുഖമാണ് അരുണ്‍കുമാര്‍. എറണാകുളം ജില്ലാ ശിശുക്ഷേമ സമിതി ഉപാധ്യക്ഷനും സിഐടിയു ജില്ലാ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്ഐ മുന്‍ ജില്ലാ സെക്രട്ടറിയായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരുണ്‍കുമാറിന്റെ കന്നിയങ്കമാണിത്. തൃക്കാക്കര തിരിച്ചുപിടിച്ച് നിയമസഭയില്‍ എല്‍ഡിഎഫ് അംഗബലം 100 തികയ്ക്കുക എന്ന വലിയ ദൗത്യമാണ് പാര്‍ട്ടി അരുണ്‍കുമാറിനെ ഏല്പിച്ചിരിക്കുന്നത്..
Content Highlight: AR Arunkumar to be announced as LDF candidate at Thrikkakara