അഭിമന്യു വധക്കേസ് വിചാരണ നടപടികള്ക്ക് തുടക്കം; സാക്ഷി വിസ്താരം ആരംഭിച്ചു
മഹാരാജാസ് കോളേജ് വിദ്യാർത്ഥിയും എസ്.എഫ്.ഐ നേതാവുമായിരുന്ന അഭിമന്യു കൊല്ലപ്പെട്ട കേസിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ വിചാരണ നടപടികൾക്ക് തുടക്കമായി. കേസിലെ ആദ്യ സാക്ഷിയുടെ വിസ്താരം ആരംഭിച്ചു. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തിയാക്കണമെന്ന ഹൈക്കോടതിയുടെ കർശന നിർദ്ദേശം നിലനിൽക്കെയാണ് കേസിൽ വിചാരണ ആരംഭിച്ചിരിക്കുന്നത്.
മാസ്ക് ധരിച്ചാണ് പ്രതികൾ കോടതിയിൽ ഹാജരായത്. എന്നാൽ, കോടതിക്കുള്ളിൽ മാസ്ക് ധരിക്കാൻ കഴിയില്ലെന്നും അത് മാറ്റണമെന്നും കോടതി കർശന നിർദ്ദേശം നൽകി. നിരോധിത സംഘടനയായ ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് പ്രവർത്തകരായ 16 പ്രതികളാണ് കേസിൽ വിചാരണ നേരിടുന്നത്. രഹസ്യ വിചാരണ നടത്തണമെന്നും കോടതിക്ക് പുറത്ത് മാധ്യമങ്ങൾ ദൃശ്യങ്ങൾ പകർത്തുന്നത് തടയണമെന്നും ആവശ്യപ്പെട്ട് പ്രതികൾ സമർപ്പിച്ച ഹർജി കോടതി നേരത്തെ തള്ളിയിരുന്നു.
പ്രതികൾക്കെതിരെ ചുമത്തിയ കുറ്റങ്ങളെല്ലാം നിഷേധിച്ചതോടെയാണ് വിചാരണ നടപടികൾ ആരംഭിച്ചത്. കേസിൽ ആകെ 156 സാക്ഷികളാണുള്ളത്. ഇതിൽ ആദ്യദിനം ഒന്നു മുതൽ രണ്ടുവരെയുള്ള സാക്ഷികളെയാണ് വിസ്തരിക്കുന്നത്. 18 ദിവസത്തിനുള്ളിൽ മുഴുവൻ സാക്ഷിവിസ്താരങ്ങളും പൂർത്തിയാക്കാനാണ് കോടതി ലക്ഷ്യമിടുന്നത്. പ്രതികൾ നേരത്തേ പലതവണ കോടതിയിൽ ഹാജരാകാതിരുന്നതിൽ വിചാരണക്കോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു. പിന്നീട് പ്രതികൾ കോടതിയിൽ നേരിട്ട് ഹാജരാകുകയായിരുന്നു.












