മലയാളികള്‍ക്ക് ഇന്ന് പുതുവര്‍ഷപ്പിറവി; ഏവര്‍ക്കും പുതുവത്സരാശംസകള്‍
ചിങ്ങം ഒന്ന് മലയാളികള്‍ക്ക് പുതുവര്‍ഷപ്പിറവിയാണ്. കൊല്ലവര്‍ഷം 1202-ലേക്ക് നമ്മൾ കാലെടുത്തു വെക്കുന്നു. ഈ സുദിനം പ്രതീക്ഷയുടെയും ഐശ്വര്യത്തിന്റെയും പ്രതീകമാണ്. മഴക്കോളുകള്‍ മാറി മാനത്ത് സൂര്യന്റെ പൊന്കിരണങ്ങള് തെളിയുന്നതോടെ, ദുരിതങ്ങളുടെ കാലം അവസാനിച്ചുവെന്ന ആശ്വാസം.
പഞ്ഞമാസത്തിലെ പരിമിതമായ സാഹചര്യങ്ങളില്‍ നിന്നും സമൃദ്ധിയുടെയും സന്തോഷത്തിന്റെയും നാളുകളിലേക്കുള്ള മാറ്റമാണ് ഓരോ ചിങ്ങമാസവും മലയാളികള്‍ക്ക് പകര്‍ന്നു നല്‍കുന്നത്. വിരിപ്പു കൃഷിയിടങ്ങളില്‍ പൊന്കതിരുകള് വിളഞ്ഞുനില്‍ക്കുന്ന കാഴ്ചയാണ് ഈ മാസത്തിന്റെ പ്രത്യേകത. കൊയ്യാനും മെതിക്കാനും പുന്നെല്ല് കുത്തിയെടുത്ത പൊന്നരിയില് ചോറുവേവിക്കാനുമുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചുകഴിഞ്ഞു.
കാലാവസ്ഥാ വ്യതിയാനങ്ങള്‍ കാരണം ഇന്ന് നമ്മുടെ ജീവിത സാഹചര്യങ്ങള്‍ പഴയ കൊല്ലവര്ഷ കലണ്ടറുകള്‍ക്ക് അനുസരിച്ചല്ല മാറുന്നത് എന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുന്നുണ്ട്. എങ്കിലും ചിങ്ങം എന്നത് ഇന്നും മലയാളികള്‍ക്ക് പ്രതീക്ഷയുടെ പര്യായമാണ്. ഇന്നലെ വരെ ഇരുണ്ടുമൂടി നിന്ന്, ഭീതി പടര്‍ത്തിയ കര്‍ക്കടകം മടങ്ങിയെന്ന പ്രതീക്ഷയുടെ ചിങ്ങപുലരി വിടര്‍ന്നു. പുതുവർഷാശംസകൾ…












