ഭക്ഷണ വിഭവങ്ങൾക്ക് കൂട്ടിയത് 30 രൂപ; കുതിച്ചുയർന്ന് ഹോട്ടൽ ഭക്ഷണ വില
വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറിൻറെ വില വർധിച്ചതോടെ സംസ്ഥാനത്ത് ഹോട്ടലുകളിൽ ഭക്ഷണ സാധനങ്ങളുടെ വില കുതിച്ചുയരുന്നു. ചായയ്ക്ക് നാല് രൂപ വരെയും ഊണിന് 30 രൂപ വരെയുമാണ് ഹോട്ടലുടമകൾ കൂട്ടിയത്. 12 രൂപയായിരുന്ന ചായയ്ക്ക് ഇനി 16 രൂപ നൽകണം. നാല് രൂപ മുതൽ 30 രൂപ വരെയാണ് വിവിധ വിഭവങ്ങൾക്ക് വില കൂട്ടിയിരിക്കുന്നത്.
പാചകവാതകത്തിൽ തയ്യാറാക്കുന്ന ഊണിന്റെ വില 90 ല് നിന്ന് 120 രൂപയിലേക്ക് കടന്നു. പൊറോട്ടയുടെയും ചപ്പാത്തിയുടെയും വില നേരത്തെ വർധിപ്പിച്ചതിനാൽ ഇത്തവണ മാറ്റമില്ല. എന്നാൽ ചിക്കൻ, ബീഫ്, മീൻ തുടങ്ങി എല്ലാ വിഭവങ്ങളുടെയും വിലയിൽ വർധനയുണ്ട്.
പാചകവാതകത്തിന്റെ വില ഇരട്ടിച്ചതോടെ പിടിച്ചുനിൽക്കാൻ മറ്റ് മാർഗങ്ങളില്ലെന്നാണ് ഹോട്ടലുടമകൾ പറയുന്നത്. വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന്റെ വില ഒറ്റയടിക്ക് 993 രൂപയാണ് കേന്ദ്ര സർക്കാർ വർധിപ്പിച്ചു. 19 കിലോ വാണിജ്യ സിലിണ്ടറിന് നിലവിൽ 3,085 രൂപയാണ്.













