ജഡ്ജിയുടെ മകനായതുകൊണ്ട് നിയമം മാറ്റിയെഴുതാൻ ആർക്കാണ് അധികാരം?? – പിണറായി വിജയൻ
റോഡിൽ മനുഷ്യരക്തം വീഴ്ത്തുന്നവർക്ക് പണവും ഉന്നത സ്വാധീനവുമുണ്ടെങ്കിൽ പ്രത്യേക ആനുകൂല്യവും നിയമപരിഗണനയും നൽകുന്നത് എന്തുതരം നിയമപാലനമാണെന്ന് ചോദിച്ച് സർക്കാരിനും പൊലീസിനുമെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. ചേരാനല്ലൂരിൽ അമിതവേഗതയിലെത്തിയ ആഡംബര കാറിടിച്ച് സാധാരണക്കാരനായ ജയബാലകൃഷ്ണൻ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതിയെ രക്ഷിക്കാൻ പൊലീസ് ഒത്തുകളിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു സർക്കാരിനെതിരെയുള്ള അദ്ദേഹത്തിന്റെ രൂക്ഷവിമർശനം.
നെടുമ്പാശ്ശേരി വാഹനാപകടത്തിൽ പ്രതിയെ രക്ഷിക്കാനായി പൊലീസ് നടത്തിയ അതേ നീക്കമാണ് ഇന്നലെ ചേരാനല്ലൂരിലും ആവർത്തിച്ചിരിക്കുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എല്ലാ പൗരന്മാർക്കും തുല്യനീതി ഉറപ്പാക്കാൻ ബാധ്യസ്ഥരായ പൊലീസിനെ പണവും ഉന്നത ബന്ധങ്ങളുമുള്ളവരുടെ അകമ്പടി സേവകരായി അധഃപതിപ്പിക്കരുതെന്നും പിണറായി വിജയൻ മുന്നറിയിപ്പ് നൽകി.













