163 ട്രെയിനുകൾ റദ്ദാക്കി, റോഡ് ഗതാഗതവും തടസ്സപ്പെട്ടു; കർഷക ബന്ദിൽ സ്തംഭിച്ച് പഞ്ചാബ്
കർഷക സംഘടനകൾ പ്രഖ്യാപിച്ച പഞ്ചാബ് ബന്ദ് പുരോഗമിക്കുകയാണ്. റോഡ്, റെയിൽ ഗതാഗതം എന്നിവ വ്യാപകമായി തടസപ്പെട്ടു. പഞ്ചാബിലൂടെ ഓടുന്ന 163 ട്രെയിനുകൾ റദ്ദാക്കി. കർഷകരുമായി പഞ്ചാബ് സർക്കാർ നടത്തിയ ചർച്ച വീണ്ടും പരാജയപ്പെട്ടു.
താങ്ങുവിലയ്ക്ക് നിയമ സാധുത നൽകണമെന്നത് ഉൾപ്പടെയുള്ള ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത കിസാൻ മോർച്ച രാഷ്ട്രീയേതര വിഭാഗവും കിസാൻ മസ്ദൂർ മോർച്ചയും പഞ്ചാബിൽ ബന്ദ് പ്രഖ്യാപിച്ചത്. രാവിലെ 7 മണി മുതൽ വൈകീട്ട് 4 മണി വരെ റെയിൽ, റോഡ് ഗതാഗതം തടയാനും, കടകൾ അടച്ചിടാനുമാണ് ആഹ്വാനം.
സംസ്ഥാന വ്യാപകമായി 280 ഇടങ്ങളിലാണ് കർഷകർ ട്രാക്ടറുകളുമായടക്കം എത്തി റോഡുകൾ തടഞ്ഞത്. ബസ് സർവീസുകളും മുടങ്ങിയതോടെ ജനജീവിതം സ്തംഭിച്ചു. റെയിൽ ഗതാഗതവും വ്യാപകമായി തടസപ്പെട്ടു. ദില്ലിയിൽ നിന്നും പുറപ്പെടുന്ന വന്ദേ ഭാരത് എക്സ്പ്രസ് അടക്കം 163 ട്രെയിനുകളാണ് റദ്ദാക്കിയത്. 17 ട്രെയിനുകൾ വഴിതിരിച്ചുവിട്ടു. അത്യാവശ്യ സേവനങ്ങളെ ബന്ദില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.