യുവാവിന്റെ മരണം കൊലപാതകം; സഹോദരനും സുഹൃത്തും കസ്റ്റഡിയില്‍
ചേറ്റുപുഴയിലെ യുവാവിന്റെ മരണം കൊലപാതകമെന്ന് പൊലീസ്. അരിമ്പൂർ സ്വദേശിയായ ഷൈനിന്റെ(28) മരണമാണ് കൊലപാതമാണെന്ന് കണ്ടെത്തിയത്. ഇയാള്‍ മരിച്ചത് ബൈക്കപകടത്തിലല്ലെന്നും ഹെല്‍മെറ്റ് ഉപയോഗിച്ച് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നും പൊലീസ് കണ്ടെത്തി. സംഭവത്തില്‍ ഇയാളുടെ സഹോദരന് ഷെറിൻ, സുഹൃത്ത് അരുണ്‍ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ഞായറാഴ്ച വൈകിട്ടാണ് സംഭവം. തൃശൂര്‍ നഗരത്തിലെ ബാറില്‍ മദ്യപിച്ചുകൊണ്ടിരുന്ന ഷൈന്‍ തന്നെ കൊണ്ടുപോകാന്‍ സഹോദരനെയും കൂട്ടുകാരനെയും വിളിച്ച് വരുത്തുകയായിരുന്നു. മൂവരും ഒരുമിച്ച് വീട്ടിലേക്ക് മടങ്ങുന്നതിനിടെ ചേറ്റുപുഴ എത്തിയപ്പോള്‍ ബൈക്കിലെ പെട്രോള്‍ തീര്‍ന്നു. പെട്രോള്‍ അടിയ്ക്കാത്തതിനേ ചൊല്ലിയുണ്ടായ തര്‍ക്കത്തേതുടര്‍ന്ന് ഷെറിന് ഹെല്‍മറ്റ് ഉപയോഗിച്ച് സഹോദരന്റെ തലയ്ക്ക് അടിയ്ക്കുകയായിരുന്നു.ഷൈന്‍ മരിച്ചെന്ന് ബോധ്യപ്പെട്ടതോടെ ബൈക്കില്‍നിന്ന് തള്ളിയിട്ടശേഷം അപകടം ഉണ്ടായെന്ന് പൊലീസിനെ വിളിച്ച് അറിയിക്കുകയായിരുന്നു.
ഫോറന്‍സിക് സര്ജന് തോന്നിയ സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് വ്യക്തമായത്.