പി വി അൻവറിന്റെ റിസോര്‍ട്ടിലെ ലഹരിപ്പാര്‍ട്ടി; കേസില്‍ നിന്ന് എംഎല്‍എയെ ഒഴിവാക്കിയത് പരിശോധിക്കാൻ കോടതി നിര്‍ദേശം
പി വി അൻവർ എംഎല്‍എയുടെ ഉടമസ്ഥതയിലുള്ള റിസോർട്ടില്‍ നടന്ന ലഹരിപ്പാർട്ടിയുമായി ബന്ധപ്പെട്ട കേസില്‍നിന്നും അൻവറിനെ ഒഴിവാക്കിയതില്‍ ഇടപെട്ട് ഹൈക്കോടതി.
അൻവറിനെ ഒഴിവാക്കിയത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറിക്ക് കോടതി നിർദേശം നല്കി. പരാതി പരിശോധിച്ച് ഒരു മാസത്തിനുള്ളില്‍ റിപ്പോർട്ട് നല്‍കാനാണ് നിർദേശം. മലപ്പുറം സ്വദേശിയായ വിവരാവകാശ പ്രവർത്തകനാണ് പരാതി നല്‍കിയത്.
ആലുവ മലക്കപ്പടിയിലുള്ള റിസോർട്ടില്‍ ലഹരിപ്പാർട്ടിക്കായി സൂക്ഷിച്ചിരുന്ന മദ്യം പിടികൂടിയ കേസിലാണ് കോടതി ഇടപെടല്‍. ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കേസ് എടുത്തത്. ഇതിനെതിരായി നല്കിയ ഹർജിയിലാണ് കോടതിയുടെ നടപടി.
2018ലാണ് പരാതിക്കടിസ്ഥാനമായ സംഭവം നടന്നത്. റിസോർട്ടില്‍ ലൈസൻസ് ഇല്ലാതെ മദ്യം സൂക്ഷിച്ച് വിതരണം ചെയ്യുന്നുവെന്ന് എക്സൈസിന് രഹസ്യവിവരം ലഭിച്ചിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മദ്യം പിടികൂടിയത്. സംഭവത്തില്‍ അഞ്ചുപേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. റിസോർട്ട് ഉടമയായ അൻവറിനെ ഒഴിവാക്കിയായിരുന്നു എക്സൈസ് കുറ്റപത്രം സമർപ്പിച്ചത്. ഇത് ചോദ്യം ചെയ്തുള്ള പരാതി പരിശോധിക്കാൻ ആഭ്യന്തര സെക്രട്ടറി തയ്യാറായിരുന്നില്ല. ഇതിനെതിരെ വിവരാവകാശ പ്രവർത്തകൻ ഹൈക്കോടതിയില്‍ ഹർജി നല്‍കുകയായിരുന്നു.