മരണം വിറ്റ് കാശാക്കുന്നവർ; മരണസമയത്ത് സുധി ധരിച്ചിരുന്ന ഷർട്ടിൻറെ ഗന്ധം പെർഫ്യൂമാക്കിയ ലക്ഷ്മി നക്ഷത്രക്ക് എതിരെ വിമർശനങ്ങൾ
അന്തരിച്ച നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ അവസാന നിമിഷത്തെ ഗന്ധം പെർഫ്യൂം ആക്കി വാങ്ങിയിരിക്കുകയാണ് ടിവി അവതാരക ലക്ഷ്മി നക്ഷത്ര. കൊല്ലം സുധിയുടെ ഭാര്യ രേണുവിന്റെ ആഗ്രഹപ്രകാരമാണ് ലക്ഷ്മി നക്ഷത്ര ഇക്കാര്യം ചെയ്തത് എന്നാണ് പറയുന്നത്. ദുബായ് മലയാളിയായ യൂസഫ് ആണ് സുധിയുടെ മണം പെർഫ്യൂമാക്കി മാറ്റി നല്‍കിയത്. പെർഫ്യൂം ഉണ്ടാക്കുന്നതിന്റെ നിമിഷങ്ങൾ പുതിയ യൂട്യൂബ് വിഡിയോയിലൂടെ ലക്ഷ്മി പങ്കുവെച്ചിട്ടുണ്ട് .
അപകട സമയത്ത് സുധി ധരിച്ചിരുന്ന വസ്ത്രങ്ങൾ ഭാര്യ രേണു സൂക്ഷിച്ച് വച്ചിരുന്നു. മരിച്ചവരുടെ മണം അവരുടെ വസ്ത്രങ്ങളിൽ നിന്നും തിരിച്ചറിഞ്ഞ് അത് പെർഫ്യൂമാക്കി മാറ്റുന്നവരുണ്ടെന്നും തന്റെ ഭർത്താവിന്റെ മണം തന്റെ മരണം വരെ ഒപ്പം വേണമെന്നും അതിന് സഹായിക്കാമോ എന്നും രേണുക ലക്ഷ്മി നക്ഷത്രയോട് ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. തുടർന്നാണ് ലക്ഷ്മി നക്ഷത്ര ദുബായിലെത്തി പെർഫ്യൂം ഉണ്ടാക്കുന്ന യൂസഫിനെ സമീപിച്ചത്.
യൂസഫ് എന്ന വ്യക്തിക്ക് വെറും പത്ത് മിനുട്ട് മതി വ്യത്യസ്തമായ പുതിയൊരു സുഗന്ധക്കൂട്ടുണ്ടാക്കാന്‍ എന്നാണ് പറയുന്നത്. നമ്മുടെ കൈയ്യില്‍ എന്താണോ ഉള്ളത് അതിന്റെ ഗന്ധത്തില്‍ നിന്നും യൂസഫ് അദ്ദേഹത്തിന്റേതായ ഒരു സുഗന്ധലേപനം ഉണ്ടാക്കും. കൊല്ലം സുധി മരിച്ചപ്പോൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ ലക്ഷ്മി നക്ഷത്ര യൂസഫിന് കൈമാറി. കൂടാതെ സുധിയുടെ ശീലങ്ങളും രീതികളും യൂസഫ് ചോദിച്ച് മനസിലാക്കി. സുധിയുടെ ഷർട്ടിന്റെ മണത്തിനോട് കിടപിടിക്കുന്ന പെർഫ്യൂം തയ്യാറാക്കി ലക്ഷ്മിക്ക് കൈമാറി. പെർഫ്യൂം മണത്ത് നോക്കിയ ലക്ഷ്മിയുടെ കണ്ണുകൾ നിറഞ്ഞു എന്നാണ് പറയുന്നത്. സുധി ചേട്ടന്റെ ഗന്ധം അതുപോലെ ഫീൽ ചെയ്യുന്നുവെന്നാണ് ലക്ഷ്മി പറഞ്ഞത്. ആദ്യമായാണ് അപകടസമയത്ത് ഒരു വ്യക്തി ധരിച്ച വസ്ത്രവുമായി ഒരാൾ യൂസഫിനെ സമീപിക്കുന്നതും പെർഫ്യൂം തയ്യാറാക്കി തരാൻ ആവശ്യപ്പെടുന്നതും.
സുധിച്ചേട്ടനുമായി താൻ നാട്ടിലേക്ക് പോവുകയാണ് എന്നാണ് പെർഫ്യൂം ഏറ്റുവാങ്ങിക്കൊണ്ട് ലക്ഷ്മി നക്ഷത്ര പറഞ്ഞത്. പെർഫ്യൂം ഉണ്ടാക്കിയ യൂസഫും രേണുവും ഫോണിൽ സംസാരിക്കുന്നതും ഇരുവരും കരയുന്നതും ലക്ഷ്മി യൂട്യൂബിൽ ഇട്ട വീഡിയോയിലുണ്ട്.
നേരത്തെ കൊല്ലം സുധിയുടെ പിറന്നാൾ ദിനത്തിൽ ഓർമ്മകൾ പങ്കുവെച്ച് ഭാര്യ രേണു സുധിയോടൊപ്പമുള്ള ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. ‘മുറി മുഴുവൻ മുല്ലപ്പൂവിൻ്റെ മണമായിരുന്നു, നിങ്ങൾ വന്നെന്ന് അറിയാം… പിറന്നാൾ ആശംസകൾ സുധിച്ചേട്ടാ. നിങ്ങളെ ഞാൻ മിസ് ചെയ്യുന്നു, സ്നേഹിക്കുന്നു’, എന്നാണ് രേണു അന്ന് എഴുതിയത്. 2023 ജൂൺ അഞ്ചിന് പുലര്‍ച്ചെ നാലരയോടെ തൃശ്ശൂർ കയ്പ്പമംഗലം പനമ്പിക്കുന്നിൽ വെച്ചുനടന്ന അപകടത്തിലായിരുന്നു കൊല്ലം സുധി മരണപ്പെട്ടത്. വടകരയിൽ നിന്ന് പരിപാടി കഴിഞ്ഞ് തിരികെ തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു. സുധി സഞ്ചരിച്ച കാർ എതിരെ വന്ന പിക്കപ്പുമായി കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സുധിയെ കൊടുങ്ങല്ലൂർ എ.ആർ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻരക്ഷിക്കാനായില്ല.
സുധിയുടെ ഭാര്യക്ക് തീർച്ചയായും അദ്ദേഹത്തിന്റെ ഓർമ്മകളും ഗന്ധവും എല്ലാം എന്നെന്നും പ്രിയപ്പെട്ടതായിരിക്കും. അതിൽ ഒരു സംശയവും ആർക്കും ഉണ്ടാകില്ല. അത് അവരുടെ ഒരു സ്വകാര്യ ആഗ്രഹമാണ്. എന്നാൽ മരിച്ച സമയത് സുധി ധരിച്ചിരുന്ന രക്തം പുരണ്ട വസ്ത്രങ്ങളുടെ ഗന്ധം ആയിരിക്കുമോ അദ്ദേഹത്തിന്റെ ഭാര്യ ആഗ്രഹിച്ചത്? ചാനൽ അവതാരകയായ ലക്ഷ്മി നക്ഷത്ര പറയുന്നത് ” അങ്ങനെ ഒരാവശ്യം രേണു പറഞ്ഞപ്പോള്‍ യൂസഫ് ഭായിയെ കണ്ട് അത് ഉണ്ടാക്കിയെടുത്തു എന്നാണ്. അത് രഹസ്യമായി ചെയ്ത് രേണുവിനെ ഏല്പിച്ചാല് പോരെ, യൂട്യൂബ് വീഡിയോയിൽ ഇടേണ്ട കാര്യമുണ്ടോ എന്നും പലരും ചോദിക്കുന്നുണ്ട്.
ചില വ്ലോഗർമാർ അങ്ങനെയാണ്. ഔചിത്യം എന്നൊരു കാര്യം അയലത്ത് കൂടെപ്പോലും കടന്നു പോകാത്തവർ ആണ് ചിലരൊക്കെ. നമ്മളെ വിട്ടുപിരിഞ്ഞ പ്രിയപ്പെട്ടവർക്ക് ഇഷ്ടമുള്ള കാര്യങ്ങൾ, അവർക്ക് ഇഷ്ടമുള്ള ചിത്രങ്ങൾ, ഗന്ധങ്ങൾ, ഭക്ഷണങ്ങൾ ഒക്കെ കാത്ത് സൂക്ഷിക്കുന്നവരുണ്ട്. എന്നാൽ ഇത് അതിൽ നിന്നെല്ലാം വ്യത്യസ്തമാണ്. വാഹന അപകടത്തിൽ മരണപ്പെട്ട ഒരാളുടെ ചോരപുരണ്ട വസ്ത്രങ്ങളുടെ ഗന്ധം, പെർഫ്യൂം ആക്കി ഉപയോഗിക്കുക എന്നത് അപൂർവങ്ങളിൽ അപൂർവ്വം തന്നെയാണ്. സോഷ്യൽമീഡിയയിൽ വളരെ രൂക്ഷമായ കമന്റുകളാണ് ഇതിനെതിരെ വരുന്നത് സുധിയുടെ കുടുംബത്തിന്റെ വികാരങ്ങൾ മാനിക്കുന്നു. പക്ഷെ ഇത്തരം പ്രവർത്തികൾ ചെയ്തുകൊണ്ട് വീഡിയോ റീച്ച് കൂട്ടുന്നവർ മരണം വിറ്റ് കാശാക്കുക തന്നെയാണ് ചെയ്യുന്നത് എന്നാണ് പലരും കമന്റ് ചെയ്യുന്നത്.