കണ്ണൂരിലെ നിധിശേഖരം, രണ്ടാംദിവസവും കൂടുതല്‍ നാണയങ്ങള്‍ കിട്ടി; സ്ഥലം കാണാൻ വൻതിരക്ക്
പരിപ്പായിയില്‍ മഴക്കുഴിയെടുക്കുന്നതിനിടെ തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് കിട്ടിയ സ്വർണം, വെള്ളി ശേഖരം പുരാവസ്തുവകുപ്പ് പരിശോധിക്കും.
പരിസരത്ത് വേറെ എവിടെയെങ്കിലും നിധിശേഖരം ഉണ്ടോ എന്നറിയാൻ കൂടുതല്‍ പരിശോധന നടത്തും. ഇതിനായി പുരാവസ്തുവകുപ്പ് വിദഗ്ധർ തിങ്കളാഴ്ചയെത്തും.
അതേസമയം ‘നിധി’ കിട്ടിയ കുഴിക്ക് സമീപത്തുനിന്ന് ശനിയാഴ്ച കൂടുതല്‍ നാണയങ്ങള്‍ തൊഴിലാളികള്‍ക്ക് ലഭിച്ചു. അഞ്ച് വെള്ളിനാണയങ്ങളും മാലയുടെ മുത്തുമണികളുമാണ് കണ്ടെത്തിയത്. ആദ്യം കണ്ടെത്തിയ പാത്രത്തില്‍നിന്ന് ഇവ തെറിച്ചുവീണതെന്നാണ് കരുതുന്നത്. വെള്ളിനാണയത്തില്‍ അറബിക് ഭാഷയിലേതുപോലയുള്ള എഴുത്തുമുണ്ട്.
പരിപ്പായി ഗവ. യു.പി സ്കൂളിന് സമീപത്തെ പുതിയപുരയില്‍ താജുദ്ദീന്റെ റബ്ബർ തോട്ടത്തില്‍ നിന്നാണ് ഇവ കിട്ടിയത്. കഴിഞ്ഞ ദിവസം 17 മുത്തുമണി, 13 സ്വർണലോക്കറ്റുകള്‍, കാശുമാലയുടെ ഭാഗമെന്ന് കരുതുന്ന നാല് പതക്കങ്ങള്‍, അഞ്ച് മോതിരങ്ങള്‍, ഒരു സെറ്റ് കമ്മല്‍, നിരവധി വെള്ളിനാണയങ്ങള്‍, ഭണ്ഡാരമെന്ന് തോന്നിക്കുന്ന ഒരു സാധനം എന്നിവയാണ് കണ്ടെടുത്തത്.
ഒരു മീറ്റർ ആഴത്തില്‍ കുഴിയെടുത്തപ്പോഴാണ് ഇവ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്ന് തൊഴിലാളികള്‍ പഞ്ചായത്തിലും പോലീസിലും വിവരമറിയിക്കുകയായിരുന്നു.