അപകടം നടന്നത് റെയില്‍വേ ഭൂമിയില്‍, മാലിന്യനീക്കത്തില്‍ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടിയെന്ന് മന്ത്രി എം ബി രാജേഷ്
തിരുവനന്തപുരം നഗരത്തില്‍ ആറുമാസത്തിനകം മാലിന്യപ്രശ്നത്തില്‍ മാറ്റം വരുത്തുമെന്ന് മന്ത്രി എം.ബി.
രാജേഷ് പറഞ്ഞു. ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടെ ഒഴുക്കില്‍പ്പെട്ട് ശുചീകരണ തൊഴിലാളി ജോയി മരിച്ച സംഭവത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു എന്നും മന്ത്രി ആരോപിച്ചു. ജോയിയെ കണ്ടെത്താൻ നടന്നത് മഹത്തായ രക്ഷാപ്രവർത്തനമാണ്. രക്ഷാപ്രവർത്തകരെ അഭിനന്ദിക്കുന്നതായും മന്ത്രി പറഞ്ഞു.
അപകടം നടന്നത് റെയില്‍വേ ഭൂമിയിലാണ്. സർക്കാരിനും നഗരസഭയ്ക്കും ഒന്നും ചെയ്യാനാകില്ല. മാലിന്യ സംസ്കരണത്തിനായുള്ള യോഗത്തില്‍ റെയില്‍വേയുടെ ഉന്നത ഉദ്യോഗസ്ഥരെത്തിയില്ലെന്നും രാജേഷ് കുറ്റപ്പെടുത്തി. മാലിന്യനീക്കത്തില്‍ ഇനിയും റെയില്‍വേ സഹകരിച്ചില്ലെങ്കില്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും മന്ത്രി മുന്നറിയിപ്പ് നല്കി. മാലിന്യനീക്കവുമായി ബന്ധപ്പെട്ട യോഗത്തില്‍ രണ്ട് ഡി.ആർ.എമ്മുമാരും പങ്കെടുക്കാൻ തയ്യാറായില്ല. മാലിന്യനീക്കവുമായി ബന്ധപ്പെട്ട് റെയില്‍വേയുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ട 20 കർമ്മ പദ്ധതികള്‍ ആ യോഗത്തിന്റെ മിനിട്സില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മിനിട്സില്‍ രേഖപ്പെടുത്തിയ 22 കാര്യങ്ങളില്‍ 20 എണ്ണവും റെയില്‍വേ ചെയ്യേണ്ടതാണെന്നും മന്ത്രി പറഞ്ഞു.
റെയില്‍വേ പാതയില്‍ അങ്ങോളമിങ്ങോളം പ്ലാസ്റ്റിക് മാലിന്യം നിറഞ്ഞുകിടക്കുകയാണ്. ഏറ്റവും വലിയ പ്ലാസ്റ്റിക് മാലിന്യ ഉത്പാദകരുടെ ഗണത്തിലാണ് റെയില്‍വേയെ ഹൈക്കോടതി ഉള്‍പ്പെടുത്തിയത്. റെയില്‍വേ പാതയിലും റെയില്‍വേ ഭൂമിയിലും ഇത്തരത്തില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് തടയാൻ റെയില്‍വേ നടപടി സ്വീകരിക്കണമെന്നാണ് ജൂലായ് ആറിന് ഹൈക്കോടതി നിർദ്ദേശിച്ചതെന്നും മന്ത്രി പറഞ്ഞു.