കോഴിക്കോട് – ദുബായ് സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി
കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ദുബായിലേക്ക് പോകേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം റദ്ദാക്കി. പുറപ്പെടാൻ ഏറെ വൈകിയതിനെ തുടർന്നാണ് വിമാനം റദ്ദാക്കിയത്.ദുബായില്‍ നിന്നുള്ള വിമാനം കരിപ്പൂരില്‍ എത്താതിരുന്നതാണ് സർവീസ് തടസ്സപ്പെടാൻ കാരണമായത്.
ഇന്നലെ വൈകീട്ട് 6.40-ന് കരിപ്പൂരില്‍ നിന്ന് പുറപ്പെടേണ്ടിയിരുന്ന വിമാനമാണ് സർവീസ് നടത്താതെ റദ്ദാക്കിയത്. നീണ്ട കാത്തിരിപ്പിനൊടുവില്‍ വിമാനം പൂർണ്ണമായി റദ്ദാക്കിയതായി അധികൃതർ യാത്രക്കാരെ അറിയിക്കുകയായിരുന്നു
എന്നാല്‍ വിമാനം വൈകുന്നതിനെക്കുറിച്ച് കൃത്യമായ വിവരങ്ങള്‍ നല്‍കാനോ, മണിക്കൂറുകളോളം കാത്തിരുന്ന യാത്രക്കാർക്ക് താമസസൗകര്യമോ മറ്റ് പ്രാഥമിക സൗകര്യങ്ങളോ ഒരുക്കാനോ വിമാനക്കമ്പനി അധികൃതർ തയ്യാറായില്ലെന്ന് യാത്രക്കാർ ആരോപിച്ചു. റദ്ദാക്കിയ ടിക്കറ്റുകളുടെ പണം യാത്രക്കാർക്ക് തിരികെ നല്‍കുമെന്ന് സ്പൈസ് ജെറ്റ് അധികൃതർ അറിയിച്ചിട്ടുണ്ട്.













