ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ്; വിദ്യാർത്ഥി പ്രതിഷേധം തുടരുന്നു
ജാര്‍ഖണ്ഡ് പരീക്ഷാ തട്ടിപ്പ് കേസില്‍ സിഐഡി ഏഴുപേരെ അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് പരീക്ഷാ ക്രമക്കേടിലാണ് അറസ്റ്റ്. ആദിത്യ പാണ്ഡെ, പവന് കുമാര്‍ സിംഗ്, രവിശങ്കര്‍ കുമാര്‍, സന്തോഷ് കുമാര്‍ സിംഗ്, സാനന്ദ് പ്രകാശ്, ലാലു കുമാര്‍ യാദവ്, സൗരഭ് കുമാര്‍ പാണ്ഡെ എന്നീ പ്രതികളെയാണ് ജാര്‍ഖണ്ഡ് ഇന്‍വസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്മെന്റ് അറസ്റ്റ് ചെയ്തത്. വിഷയത്തില്‍ സംസ്ഥാനത്ത് ശക്തമായ വിദ്യാര്‍ഥി പ്രതിഷേധം തുടരുന്നതിനിടെയാണ് അറസ്റ്റ്.
ജാര്‍ഖണ്ഡ് പബ്ലിക് സര്‍വീസ് കമ്മീഷന് നടത്തിയ വിവിധ മത്സരപ്പരീക്ഷകളിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍, സംസ്ഥാനത്തുടനീളം വിവിധയിടങ്ങളില്‍ സിഐഡി റെയ്ഡ് നടത്തിയിരുന്നു. ഒഎംആര്‍ കാര്‍ബണ്‍ കോപ്പികള്‍ തമ്മില്‍ ഒത്തുനോക്കുന്ന നടപടികളും സിഐഡി ആരംഭിച്ചു. അന്വേഷണം തുടരുകയാണെന്നും, ശേഖരിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ നിയമപ്രകാരമുള്ള തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഏജന്‍സി അറിയിച്ചിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടതായി കണ്ടെത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ സ്വീകരിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും സിഐഡി അറിയിച്ചു.












