ഐപിഎൽ ആദ്യമത്സരം; സൺറൈസേഴ്സിനെ തകർത്ത് ആർസിബി
ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ആദ്യ മത്സരത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവിന് വിജയം. സൺറൈസേഴ്സ് ഹൈദരാബാദിനെ 6 വിക്കറ്റിനാണ് ബംഗളൂരു പരാജയപ്പെടുത്തിയത്. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ആർസിബിയ്ക്ക് അനായാസ വിജയം നേടിക്കൊടുത്തത്.
202 റൺസ് വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ബംഗളൂരുവിന്റെ തുടക്കം പാളി. 7 പന്തിൽ 8 റൺസെടുത്ത ഫിൽ സാൾട്ടിനെ യദേവ് ഉനദ്കട്ട് പുറത്താക്കി. തൊട്ട് പിന്നാലെ ഗ്രൗണ്ടിലെത്തിയ ദേവ്ദത്ത് പടിക്കൽ മത്സരത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു. 26 പന്തിൽ 61 റൺസ് ആണ് പടിക്കൽ അടിച്ചെടുത്തത്. 7 ഫോറും 4 സിക്സും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഒടുവിൽ ഹർഷ് ദുബെ താരത്തെ പുറത്താക്കി. പിന്നീട്, ആര്‍സിബി ക്യാപ്റ്റന്‍ രജത് പടിദാറിന്റെ കാമിയോ റോൾ ആയിരുന്നു. 12 പന്തിൽ 31 റൺസ് ആണ് താരം അടിച്ചെടുത്തത്.
പിന്നീട് കോഹ്ലിയുടെ ഊഴമായിരുന്നു. കരുതലോടെ ബൗളർമാരെ നേരിട്ട കോഹ്ലി 33 പന്തിൽ അർധ സെഞ്ച്വറി നേടി. തുടർന്നും ഹൈദരാബാദ് ബൗളർമാരെ ആക്രമിച്ചു കളിച്ച കോഹ്ലിയുടെ ബലത്തിൽ ആർസിബി 15.4 ഓവറിൽ ലക്ഷ്യം മറികടന്നു.








