പ്രവാസി മലയാളികള്‍ക്ക് വീണ്ടും തിരിച്ചടി നല്കി എയര്‍ ഇന്ത്യ എക്സ്പ്രസ്
പ്രവാസി മലയാളികള്‍ക്ക് വീണ്ടും തിരിച്ചടി നല്കി എയർ ഇന്ത്യ എക്സ്പ്രസ്. ഗള്‍ഫിലേക്ക് ഉള്‍പ്പെടെ നിരവധി സർവീസുകള്‍ ഇന്ന് റദ്ദാക്കിയിട്ടുണ്ട്.
നെടുമ്ബാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളില്‍ നിന്നുള്ള സർവീസുകളാണിത്. നെടുമ്ബാശേരിയില് നിന്ന് ദമാമിലേക്കുള്ള 8.35നും ബഹ്റൈനിലേക്കുള്ള 9.30നുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. കണ്ണൂരില്‍ നിന്നുള്ള രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളും റദ്ദാക്കി. മസ്കറ്റ്, റിയാദ് വിമാനങ്ങള്‍ റദ്ദാക്കി. 1.20ന് പുറപ്പെടേണ്ട ജിദ്ദ വിമാനം വൈകുമെന്നും അധികൃതർ അറിയിച്ചു. കരിപ്പൂരില്‍ നിന്ന് 8.25ന് പുറപ്പെടേണ്ട ദുബായ് വിമാനമാണ് റദ്ദാക്കിയത്. നിരവധി യാത്രക്കാരെ ഞെട്ടിച്ചിരിക്കുകയാണ് എയർ ഇന്ത്യ എക്സ്പ്രസിൻ്റെ തീരുമാനം
ഇന്നലെയും സർവീസുകള്‍ റദ്ദാക്കി. കൊച്ചിയില്‍ നിന്നുള്ള ആറ് വിമാനങ്ങള്‍ ഇന്നലെ നിർത്തിവച്ചു. ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് വിമാനങ്ങള്‍ റദ്ദാക്കി. ഷാർജ, ബഹ്റൈൻ എന്നിവിടങ്ങളില്‍ നിന്നുള്ള കൊച്ചി സർവീസുകളും നിർത്തിവച്ചു. ഇന്നലെ കരിപ്പൂരില്‍ നിന്നുള്ള മൂന്ന് എയർ ഇന്ത്യ സർവീസുകള്‍ റദ്ദാക്കി. റാസല്‍ഖൈമ, മസ്കറ്റ്, ബെംഗളൂരു വിമാനങ്ങളാണ് റദ്ദാക്കിയത്. യാത്രക്കാരെ മുൻകൂട്ടി അറിയിച്ചിരുന്നു. രണ്ട് ദിവസം കൂടി റദ്ദാക്കല്‍ തുടരും. അതേസമയം, തിരുവനന്തപുരത്തേക്കും കണ്ണൂരിലേക്കും സർവീസുകള്‍ മുടങ്ങിയില്ല. ജീവനക്കാരുടെ സമരം പിൻവലിച്ച് രണ്ട് ദിവസം പിന്നിട്ടിട്ടും സർവീസുകള്‍ മുടങ്ങുന്നത് യാത്രക്കാർക്കിടയില്‍ കടുത്ത അമർഷത്തിന് ഇടയാക്കിയിട്ടുണ്ട്.