മുതിര്‍ന്ന സിപിഎം നേതാവ് എസ്. രാമചന്ദ്രൻപിള്ളയുടെ മകൻ ബിപിൻ ചന്ദ്രൻ അന്തരിച്ചു
മുതിർന്ന സിപിഎം നേതാവ് എസ് രാമചന്ദ്രൻ പിള്ളയുടെ മകനും മാധ്യമപ്രവർത്തകനുമായ ബിപിൻ ചന്ദ്രൻ (50) അന്തരിച്ചു.
സംസ്ഥാന ആസൂത്രണ വകുപ്പ് വൈസ് ചെയർമാന്റെ പ്രൈവറ്റ് സെക്രട്ടറിയായി ജോലി ചെയ്ത് വരികയായിരുന്നു. അസുഖ ബാധിതനായതിനെ തുടർന്ന് മൂന്ന് ദിവസമായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
മോർച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തിങ്കളാഴ്ച പകല്‍ ഒന്നിന് പേട്ട ആനയറ എൻഎസ്എസ് കരയോഗം റോഡിലുള്ള വീട്ടിലെത്തിക്കും. പൊതുദർശനത്തിന് ശേഷം വൈകിട്ട് 4ന് തൈക്കാട് ശാന്തികവാടത്തില്‍ സംസ്കാരം.
ഡല്‍ഹിയില്‍ മാധ്യമപ്രവർത്തകനായിരുന്ന ബിപിൻ ചന്ദ്രൻ എന്റർപ്രണർ ബിസിനസ് മാഗസിന്റെ എക്സിക്യൂട്ടീവ് എഡിറ്ററായിരുന്നു. ബിസിനസ് സ്റ്റാൻഡേർഡിലും ഇന്ത്യൻ എക്സ്പ്രസിലും ജോലി ചെയ്തു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയും സേവനമനുഷ്ഠിച്ചിരുന്നു.