ശ്രീപദിന് ജന്മദിനത്തില് ദേശീയ പുരസ്കാരം
എഴുപതാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ രാഷ്ട്രപതി ദ്രൗപദി മുർമു ഇന്നലെ വിതരണം ചെയ്തപ്പോള്‍ ഏറെ ശ്രദ്ധിക്കപ്പെട്ട താരങ്ങളിലൊന്ന് മലയാളത്തിന്റെ സ്വന്തം ശ്രീപദ്.
മാളികപ്പുറത്തിലെ അഭിനയത്തിന് രാജ്യത്തെ മികച്ച ബാലതാരമായി തിരഞ്ഞെടുത്ത ശ്രീപദ് .പി.കെ വേദിയിലെത്തിയപ്പോള്‍ അവതാരകർ ആ സസ്പെൻസ് പുറത്തുവിട്ടു. ശ്രീപദിന്റെ പിറന്നാള്‍ ദിനമാണെന്ന കാര്യം. ഇതോടെ രാഷ്ട്രപതി ഉള്‍പ്പെടെ വേദിയിലുള്ളവരും, സദസിലുള്ളവരും കൊച്ചു മിടുക്കന് ഹാപ്പി ബെർത്ത്ഡേ നേർന്നു. നിറഞ്ഞ കൈയടി ഉയർന്നു. തന്റെ പ്രസംഗത്തിനിടെയും ശ്രീപദിന്റെ പുരസ്കാര നേട്ടത്തെ രാഷ്ട്രപതി പ്രകീർത്തിച്ചത് ശ്രദ്ധേയമാണ്. അദ്ധ്യാപകരായ അച്ഛൻ രെജീഷ് പി.കെ, അമ്മ രസ്ന എന്നിവർക്കൊപ്പമാണ് കുട്ടിതാരം ഡല്‍ഹിയിലെത്തിയത്.