യൂണിറ്റിന് 19 പൈസയായി തുടരും; ഈ മാസവും കെഎസ്ഇബി സര്‍ചാര്‍ജ് ഈടാക്കും
സംസ്ഥാനത്ത് ഈ മാസവും കെഎസ്ഇബി സർചാർജ് ഈടാക്കും. യൂണിറ്റിന് 10 പൈസ വച്ചാണ് ഈടാക്കുക. റഗുലേറ്ററി കമീഷൻ അംഗീകരിച്ച 9 പൈസയും തുടരും.
ഇതുള്‍പ്പെടെ ഈ മാസം യൂണിറ്റിന് 19 പൈസയാണ് സർചാർജ്. സെപ്തംബര്‍ മാസം ഉണ്ടായ 28.73 കോടി അധിക ചെലവാണ് കെഎസ്ഇബി പിരിക്കുക.
അതേസമയം സംസ്ഥാനത്തെ വൈദ്യുത നിരക്ക് വർധന ഉപതെരഞ്ഞെടുപ്പിന് ശേഷമെന്നാണ് വിവരം. നിലവിലെ താരിഫിന്റെ കാലാവധി നവംബർ 30 വരെയാക്കി നീട്ടി വൈദ്യുതി റെഗുലേറ്ററി കമ്മീഷൻ. ഈ വർഷം യൂണിറ്റിന് 30 പൈസ വെച്ച് വൈദ്യുതി നിരക്ക് കൂട്ടണമെന്നാണ് കെഎസ്ഇബിയുടെ ആവശ്യം.
തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം സംസ്ഥാന വൈദ്യുതി റെഗുലേറ്ററി കമ്മീഷന് ബാധകമല്ലെങ്കിലും സർക്കാരിന്റെ താല്പര്യം കൂടി കണക്കിലെടുത്തേ കമ്മീഷൻ താരിഫ് പ്രഖ്യാപിക്കൂ. അതിനാലാണ് മൂന്നാം വട്ടവും നിലവിലെ താരിഫ് നീട്ടിയത്.