ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ച, ഓഗസ്റ്റ് 23; ഗുരുവായൂരിൽ ഇതുവരെ ബുക്ക് ചെയ്തത് 377 വിവാഹങ്ങൾ
ചിങ്ങമാസത്തിലെ ആദ്യ ഞായറാഴ്ചയായ ഓഗസ്റ്റ് 23-ന് ഗുരുവായൂർ ക്ഷേത്രത്തിൽ വൻ വിവാഹത്തിരക്ക് അനുഭവപ്പെടും. അന്നേ ദിവസം നടത്തുന്നതിനായി 377 വിവാഹങ്ങളാണ് ഇതുവരെ ക്ഷേത്രത്തിൽ ബുക്ക് ചെയ്തിട്ടുള്ളത്. നിലവിൽ ബുക്കിങ് തുടരുന്നതിനാൽ വിവാഹങ്ങളുടെ എണ്ണം 400 കടക്കാനാണ് സാധ്യതയെന്ന് ഗുരുവായൂർ ദേവസ്വം അധികൃതർ വ്യക്തമാക്കി.
തൊട്ടടുത്ത ഞായറാഴ്ചയായ ഓഗസ്റ്റ് 30-നും നിലവിൽ 295 വിവാഹങ്ങൾ ബുക്ക് ചെയ്തിട്ടുണ്ട്. ചിങ്ങമാസത്തിലെ ശുഭമുഹൂർത്തങ്ങളിൽ താലികെട്ടാൻ ധാരാളം ആളുകൾ എത്തുന്ന സാഹചര്യം കണക്കിലെടുത്ത് വിപുലമായ ക്രമീകരണങ്ങളാണ് ക്ഷേത്രത്തിൽ ഏർപ്പെടുത്തിയിട്ടുള്ളത്. വിവാഹച്ചടങ്ങുകൾ തടസ്സമില്ലാതെ വേഗത്തിൽ പൂർത്തിയാക്കുന്നതിനായി ആഗസ്റ്റ് 23, 30 തീയതികളിൽ പുലർച്ചെ 4 മണി മുതൽ താലികെട്ട് ചടങ്ങുകൾ ആരംഭിക്കും. ഇതിനായി ക്ഷേത്രനടപ്പന്തലിൽ ആറ് മണ്ഡപങ്ങൾ പ്രത്യേകമായി സജ്ജീകരിക്കും. ചടങ്ങുകൾ ഏകോപിപ്പിക്കുന്നതിനായി കൂടുതൽ ദേവസ്വം ജീവനക്കാരെയും മംഗളവാദ്യക്കാരെയും നിയോഗിച്ചിട്ടുണ്ട്.












