അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണം; തോട്ടം തൊഴിലാളികള്‍ ഭീതിയിൽ
അതിരപ്പിള്ളി മലക്കപ്പാറയിൽ കാട്ടാന ആക്രമണം. മയിലാടുംപാറയിലെ തോട്ടം തൊഴിലാളിയുടെ ലേയത്തിനു നേരെ ആയിരുന്നു കാട്ടാന ആക്രമണമുണ്ടായത്. തോട്ടം തൊഴിലാളി മണികണ്ഠൻ്റെ വീട്ടിലാണ് നാശനഷ്ടം ഉണ്ടാക്കിയത്. പുലർച്ചെ രണ്ടുമണിയോടെ ആയിരുന്നു സംഭവം. പ്രദേശത്ത് മൊബൈൽ റേഞ്ച് ഇല്ലാത്തതിനാൽ സംഭവം പുറംലോകം അറിഞ്ഞത് വളരെ താമസിച്ചായിരുന്നു. ആക്രമണത്തിൽ വീടിനും ഉള്ളിലെ സാധനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. മൊബൈൽ നെറ്റ്വർക്ക് റേഞ്ച് ലഭ്യമല്ലാത്ത പ്രദേശമായതിനാൽ സംഭവം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് പുറംലോകം വിവരമറിയുന്നത്. ആനയുടെ ആക്രമണത്തിൽ കുടുംബാംഗങ്ങൾ പരിക്കേൽക്കാതെ രക്ഷപ്പെട്ടത് തലനാരിഴയ്ക്കാണ്.
ഏറെനേരം ലയങ്ങൾക്ക് സമീപം പരിഭ്രാന്തി സൃഷ്ടിച്ച ആനകളെ തൊഴിലാളികൾ ശബ്ദമുണ്ടാക്കിയും മറ്റും കാടുകയറ്റി. മലക്കപ്പാറ, മൈലാടുംപാറ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമായി തുടരുമ്പോഴും അടിയന്തര ഘട്ടങ്ങളിൽ ബന്ധപ്പെടാൻ ടെലിഫോൺ സൗകര്യമില്ലാത്തത് നാട്ടുകാരെ കൂടുതൽ ദുരിതത്തിലാക്കുകയാണ്. ഉന്നത അധികാരികൾ അടിയന്തരമായി ഇടപെടണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം. സംഭവത്തിൽ നാട്ടുകാർക്കിടയിൽ അമർഷവുമുണ്ട്. എത്രയും പെട്ടെന്ന് പ്രശ്നത്തിന് പരിഹാരം കാണണമെന്നാണ് അവശ്യം.












