കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതെന്ന് ശബരീനാഥ്; മികച്ച ശമ്പളം ലഭിക്കുന്ന തൊഴില്‍ ലഭ്യമാക്കണമെന്ന് ചാണ്ടി ഉമ്മന്‍
കൊച്ചി: കടമെടുത്ത് വിദേശത്തേക്കു പോകുന്ന മലയാളികളില്‍ പലരും കടക്കെണിയില്‍ അകപ്പെടുകയാണെന്ന് പുതുപ്പള്ളി എംഎല്‍എ ചാണ്ടി ഉമ്മന്‍. നാട്ടില്‍ മികച്ച ശമ്പളം കിട്ടുന്ന തൊഴില്‍ ലഭ്യമാക്കണമെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു. ജെയിന് സര്‍വകലാശാലയില്‍ നടക്കുന്ന സമ്മിറ്റ് ഓഫ് ഫ്യൂച്ചര്‍ 2025ല്‍ ‘മാറ്റത്തിന്റെ വിത്ത് പാകുക’ എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ചെറുപ്പക്കാരെ കേരളത്തില്‍ പിടിച്ചു നിര്‍ത്താന്‍ കഴിയണം. വിദേശ വിദ്യാഭ്യാസത്തിനു വേണ്ടി കടമെടുക്കുന്ന പണം സംരംഭങ്ങള്‍ക്കു വേണ്ടി ചെലവഴിക്കട്ടെ.’ ചാണ്ടി ഉമ്മന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമാണ് ചര്‍ച്ചയില്‍ ചാണ്ടി ഉമ്മന്‍ ഉന്നയിച്ചത്. നാട്ടില്‍ നടക്കുന്ന നല്ല വാര്‍ത്തകള്‍ ലോകത്തെ അറിയിക്കാന്‍ മാധ്യമങ്ങള്‍ തയ്യാറാകുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ അടിസ്ഥാന സൗകര്യ വികസനം, ഐടി മേഖലയില്‍ നടക്കുന്ന വികസനം തുടങ്ങിയവ ജനങ്ങള്‍ അറിയുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അപ്രധാന വാര്‍ത്തകളാണ് ദിവസവും ചര്‍ച്ച ചെയ്യുന്നതെന്ന് അദ്ദേഹം പറഞ്ഞു.
‘വിദേശത്ത് പോയി ഏത് ജോലി വേണമെങ്കിലും മലയാളി ചെയ്യും. എന്നാല്‍ ഇവിടെ ചെയ്യാന്‍ തയ്യാറല്ല. അതിന് തയ്യാറാകുന്നവരെ പരിഹസിക്കുന്ന നിലയുണ്ട്, അത് മാറണം.’ സര്‍ക്കാര്‍ ജോലിക്കപ്പുറമുള്ള തൊഴില്‍ വിദ്യാര്‍ത്ഥികള്‍ സ്വപ്നം കാണണമെന്നും കായംകുളം എംഎല്‍എ യു പ്രതിഭ പറഞ്ഞു. ചില വിദേശരാജ്യങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് സ്കൂള്‍ വിദ്യാഭ്യാസത്തിനു ശേഷം വീട് നിര്‍മ്മിക്കാന്‍ വരെ കഴിയും. എന്നാല്‍ ഇവിടെ കുട്ടികള്‍ക്ക് പൈപ്പ് നന്നാക്കാന്‍ പോലും അറിയില്ല. സ്കൂള്‍ സമയക്രമത്തില്‍ മാറ്റം വേണം. ഉച്ചയ്ക്ക് രണ്ട് വരെ മതി പഠനം. അതിന് ശേഷം കുട്ടികള്‍ ജോലി ചെയ്യട്ടേയെന്നും അവര്‍ പറഞ്ഞു.
മലയാളി ചെറുപ്പക്കാര്‍ കുടിയേറുകയാണെന്നും തിരികെ വരുന്നില്ലെന്നും ചര്‍ച്ചയില്‍ അഭിപ്രായം ഉയര്‍ന്നപ്പോള്‍, കുടിയേറ്റം കേരളീയരുടെ രക്തത്തിലുള്ളതാണെന്ന് അരുവിക്കര മുന്‍ എംഎല്‍എ കെ എസ് ശബരീനാഥ് പറഞ്ഞു. ‘കേരളം കുടിയേറ്റക്കാരോട് നന്ദി പറയണം. ഇന്ന് നാം സുഭിക്ഷമായി ഉണ്ടുറങ്ങുന്നത് മലയാളികള്‍ തൊഴിലിനായി വിദേശത്തേക്ക് കുടിയേറിയതുകൊണ്ടാണ്. ധാരാളം ആളുകള്‍ കുടിയേറിയതുകൊണ്ടാണ് മധ്യവര്‍ഗം സാമ്പത്തികമായി ശക്തി പ്രാപിച്ചത്.’ ശബരീനാഥന് അഭിപ്രായപ്പെട്ടു.
കേരളത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ തുടങ്ങണമെന്ന് സാമ്പത്തിക വിദഗ്ധ ഡോ മേരി ജോര്‍ജ്ജ് പറഞ്ഞു. ‘നമ്മുടെ കേരളം വൈവിധ്യംകൊണ്ട് അനുഗ്രഹീതമാണ്. നമ്മുടെ കാമ്പസുകളില്‍ സ്റ്റാര്‍ട്ടപ്പുകള്‍ വേണം. ലഭ്യമായ ഉല്പന്നങ്ങളില് നിന്നും ഉപോല്പന്നങ്ങള് നിര്‍മ്മിക്കാന്‍ കഴിയണം. വിദ്യാര്‍ത്ഥികള്‍ സംരംഭകരാകട്ടെ.’ മേരി ജോര്‍ജ്ജ് വ്യക്തമാക്കി.
കേരളത്തില്‍ രാഷ്ട്രീയക്കാരും കോര്‍പ്പറേറ്റുകളും തമ്മില്‍ കൈകോര്‍ക്കുകയാണെന്ന് മേരി ജോര്‍ജ്ജ് കുറ്റപ്പെടുത്തിയപ്പോള്‍ മറ്റ് സംസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കേരളത്തില്‍ അത്തരം ബന്ധങ്ങള്‍ കുറവാണെന്ന് ശബരീനാഥന് ചൂണ്ടിക്കാട്ടി. ആന്ധ്ര പോലുള്ള സംസ്ഥാനങ്ങളില്‍ ഒരു സ്ഥാനാര്‍ത്ഥി മത്സരിക്കുമ്പോള്‍ കോടിക്കണക്കിന് തുകയാണ് പ്രചരണത്തിനായി ചെലവാക്കുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി അങ്ങനെയാണോയെന്നും അദ്ദേഹം ചോദിച്ചു.